ജമ്മു കശ്മീരിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ; തിരച്ചിൽ ആരംഭിച്ചു
പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് പ്രവർത്തകരാണ് സൈന്യത്തിന് നേരെ വെടിയുതിർത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തു. ജമ്മു കശ്മീരിലെ കത്വയിലാണ് വെടിവെപ്പുണ്ടായത്. മേഖലയിൽ കൂടുതൽ സൈന്യമെത്തി ഭീകരർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് പ്രവർത്തകരാണ് സൈന്യത്തിന് നേരെ വെടിയുതിർത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഹോഗ് വനമേഖലയിലെ കാമദ് നല്ലയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ ബില്ലാവറിലെ നജോട്ട് വനമേഖലയിൽ നിന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭീകരരെന്ന് സംശയിക്കുന്നവർ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഏതാനും വെടിയുതിർത്തതായും സൈന്യം തിരിച്ചടിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കത്വ ജില്ലയിൽ തീവ്രവാദികളെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന നടത്തിയ തിരച്ചിലിന് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് രണ്ടോ മൂന്നോ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. കത്വ ജില്ലയിൽ കാമദ് നല്ല പ്രദേശത്ത് കഴിഞ്ഞ ആഴ്ചയും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. പ്രദേശത്ത് മൂന്ന് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് സൂചന ലഭിച്ചതിനെ തുടർന്നുണ്ടായ തിരച്ചിലിലാണ് വെടിവെപ്പുണ്ടായത്.
Adjust Story Font
16

