യാത്രയ്ക്കിടെ ഫോൺ തട്ടിയെടുത്തയാൾ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; 30കാരന് കാൽ നഷ്ടമായി
ട്രെയിൻ കയറി യുവാവിന്റെ മുട്ട് വരെയുള്ള ഭാഗം ചതഞ്ഞരഞ്ഞു.

- Published:
21 Jan 2026 3:07 PM IST

മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ ഫോൺ തട്ടിയെടുത്തയാൾ പുറത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് യുവാവിന് കാൽ നഷ്ടമായി. മഹാരാഷ്ട്രയിലെ താനെയിൽ ജനുവരി 18നാണ് സംഭവം. റിതേഷ് രാകേശ് യെരുങ്കാർ എന്ന 30കാരനാണ് കാൽ നഷ്ടമായത്.
രാത്രി 11.05ന് താനെയിൽ നിന്ന് ബദൽപൂരിലേക്ക് ഒരു ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു റിതേഷ്. 40 മിനിറ്റിന് ശേഷം ട്രെയിൻ അംബർനാഥ് സ്റ്റേഷനിലെത്തിയപ്പോൾ തൊട്ടടുത്തിരുന്നയാൾ പെട്ടെന്ന് റിതേഷിന്റെ ഫോൺ തട്ടിപ്പറിച്ചു.
റിതേഷ് ഫോൺ തിരികെവാങ്ങാൻ ശ്രമിച്ചതോടെ ഇയാൾ വാതിലിനടുത്തേക്ക് തള്ളിയിടുകയായിരുന്നു. ഇതോടെ പുറത്തേക്ക് തെറിച്ചുവീണ റിതേഷിന്റെ കാലിലൂടെ ട്രെയിൻ കയറിയിറങ്ങി. ഓടുന്ന ട്രെയിനായത് അപകടത്തിന്റെ തീവ്രത കൂട്ടി. ട്രെയിൻ കയറി യുവാവിന്റെ മുട്ട് വരെയുള്ള ഭാഗം ചതഞ്ഞരഞ്ഞു.
കൂടാതെ, തലയ്ക്കും മുഖത്തും കണ്ണിനും പരിക്കേൽക്കുകയും ചെയ്തു. ട്രെയിൻ പോയതോടെ സ്ഥലത്തേക്ക് ഓടിയെത്തിയ റെയിൽവേ പൊലീസ് സംഘം യുവാവിനെ ഉടൻ ഉൽഹാസനഗറിലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കെഇഎം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡോക്ടർമാർ കാൽ മുറിച്ചുമാറ്റുകയും ചെയ്തു. യുവാവ് ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ബദ്ലാപൂർ സ്വദേശിയായ റിതേഷ് താനെയിലെ ഒരു സ്വകാര്യ മാളിലെ തുണിക്കടയിലാണ് ജോലി ചെയ്യുന്നത്. റിതേഷിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടി. കൈലാഷ് ബാൽകൃഷ്ണ ജാധവ് എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16
