ഫലസ്തീന്‍ കുട്ടികളെയും ഗര്‍ഭിണികളെയും കൊന്നൊടുക്കുന്നത് ഇസ്രായേലിന്റെ വംശഹത്യാ തന്ത്രങ്ങളുടെ ഭാഗം: ജസ്റ്റിസ് എസ്.മുരളീധര്‍
ഫോറന്‍സിക് തെളിവുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, സാക്ഷിമൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് യുഎന്‍ പാനല്‍ ഈ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്

ന്യൂഡല്‍ഹി: തീവ്രവാദികളോടെന്ന പോലെയാണ് ഫലസ്തീന്‍ കുട്ടികള്‍ക്ക് നേരെയടക്കം ഇസ്രായേൽ സേന വെടിയുതിര്‍ക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്.മുരളീധര്‍. 'ദി ഹിന്ദു' ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുരളീധറിന്റെ പരാമര്‍ശം.
ഫലസ്തീനിലുടനീളം കുട്ടികള്‍ക്കെതിരെ ഇസ്രായേല്‍ വ്യാപകമായി ആക്രമണം നടത്തുകയാണെന്നും ജസ്റ്റിസ് എസ്.മുരളീധര്‍ ചൂണ്ടിക്കാട്ടി. 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രായേല്‍ സേന ഫലസ്തീന്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 20,179 കുട്ടികള്‍ കൊല്ലപ്പെടുകയും 44,143 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഗര്‍ഭിണികളായ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇസ്രായേലിന്റെ സൈനിക നീക്കം ഫലസ്തീന്‍ ജനതയുടെ നിലനില്‍പ്പിനെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് വിശ്വസിക്കാന്‍ കാരണങ്ങളുണ്ടെന്നും എസ്.മുരളീധര്‍ പറയുന്നു. ഫലസ്തീനിലെ 97 ശതമാനം സ്‌കൂളുകള്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തി.
ഫലസ്തീനികളുടെ ഭൂമി, സാംസ്‌കാരികവും പൈതൃകവും വിളിച്ചോതുന്ന സ്രോതസുകള്‍ ഉള്‍പ്പെടെ ഇസ്രായേല്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഫോറന്‍സിക് തെളിവുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ദൃക്സാക്ഷികള്‍, സാക്ഷിമൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് യുഎന്‍ പാനല്‍ ഈ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്.
കൂടാതെ ഇസ്രായേല്‍ സൈനികര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ദൃശ്യങ്ങളും വീഡിയോകളും ഈ വാദങ്ങളെ സാധൂകരിക്കുന്നു. മാത്രമല്ല യുഎസ്, ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരും ഇസ്രായേല്‍ സേനയായ ഐഡിഎഫില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ പൗരന്മാര്‍ യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കാനുള്ള ബാധ്യത ഈ രാജ്യങ്ങള്‍ക്ക് ഉണ്ടെന്നും എസ്.മുരളീധര്‍ പറയുന്നു.
2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിലെ ഡെപ്യൂട്ടി സ്പീക്കര്‍ 'ഇറൈസ് ഗസ' എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇസ്രായേലിന്റെ നിലപാട് തുറന്നുകാട്ടാൻ ഇത് മാത്രം മതിയെന്നും എസ്.മുരളീധര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളില്‍ ഒന്നും തന്നെ നീതി നടപ്പിലാക്കാന്‍ ഇസ്രായേല്‍ ജുഡീഷ്യറിക്ക് സാധിക്കുന്നില്ല എന്നതാണ് മറ്റൊരു വിഷമകരമായ വസ്തുതയെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

