'പപ്പാ ഞാൻ അജിത് പവാറിനൊപ്പമാണ്, നാളെ വിളിക്കാം...'; കണ്ണീരായി അപകടത്തിൽപ്പെട്ട വിമാന ജീവനക്കാരിയുടെ അവസാനവാക്കുകൾ
മുംബൈ വർളി സ്വദേശിയായ പിങ്കി മാലി തന്റെ പിതാവ് ശിവകുമാർ മാലിയെ അവസാനമായി വിളിക്കുന്നത് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പായിരുന്നു

ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ നടുക്കുമ്പോൾ, ആ ദുരന്തത്തിനൊപ്പം ഹൃദയഭേദകമായ മറ്റൊരു ഓർമ്മകൂടി ബാക്കിയാവുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിലെ ജീവനക്കാരിയായിരുന്ന പിങ്കി മാലിയുടെ അവസാന വാക്കുകളാണത്. തന്റെ അച്ഛനോട് ആവേശത്തോടെ പങ്കുവെച്ച ആ വാക്കുകൾ ഇത്രവേഗം ഒരു വിലാപമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല.
മുംബൈ വർളി സ്വദേശിയായ പിങ്കി മാലി തന്റെ പിതാവ് ശിവകുമാർ മാലിയെ അവസാനമായി വിളിക്കുന്നത് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പായിരുന്നു. "പപ്പാ, ഞാൻ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പറക്കുകയാണ്. അവിടുന്ന് നാന്ദേഡിലേക്ക് പോകും. നാളെ തീർച്ചയായും വിളിക്കാം..." ജോലിയോടുള്ള ആവേശവും അച്ഛനോടുള്ള സ്നേഹവും നിറഞ്ഞ ആ ശബ്ദം കേൾക്കാൻ ശിവകുമാർ ഇനി എത്ര കാത്തിരുന്നിട്ടും കാര്യമില്ല. മിനിറ്റുകൾക്കുള്ളിൽ ബാരാമതി വിമാനത്താവളത്തിന് സമീപം വിമാനം തകർന്നു വീണതോടെ ആ വാഗ്ദാനം എന്നെന്നേക്കുമായി മുറിഞ്ഞുപോയി.
കുടുംബത്തിന്റെ ഏക പ്രതീക്ഷയും തണലുമായിരുന്ന പിങ്കിയുടെ മൃതദേഹത്തിനായി കാത്തിരിക്കുന്ന ആ പിതാവിന്റെ കണ്ണീർ കണ്ടുനിൽക്കുന്നവരുടെ ഉള്ളുലയ്ക്കുന്നതാണ്. 'ഇത്തരം അപകടങ്ങളുടെ സാങ്കേതികവശങ്ങളൊന്നും എനിക്കറിയില്ല. മകളുടെ മൃതശരീരമെങ്കിലും ലഭിച്ചിരുന്നെങ്കിൽ അവസാനമായി അവൾക്ക് യാത്രയയപ്പെങ്കിലും നൽകാമായിരുന്നു. അതിന് സാധിക്കണേ എന്നതുമാത്രമാണ് അവശേഷിക്കുന്ന ആഗ്രഹം. എനിക്ക് നഷ്ടപ്പെട്ടതെന്റെ മകളെയാണ്, എന്റെ ലോകമാണ്'
അജിത് പവാറിനും പിങ്കിക്കുമൊപ്പം സുരക്ഷാ ഉദ്യോഗസ്ഥനായ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂർ, ശാംഭവി പഥക് എന്നിവരും ആ ദുരന്തത്തിൽ എരിഞ്ഞടങ്ങി. അധികാരത്തിന്റെ ഇടനാഴികളിൽ അജിത് പവാറിന്റെ വിയോഗം വലിയൊരു ശൂന്യത സൃഷ്ടിക്കുമ്പോൾ, വർളിയിലെ ഒരു ചെറിയ വീട്ടിൽ പിങ്കിയുടെ അവസാനത്തെ ആ ഫോൺ കോൾ മായാത്ത മുറിവായി എന്നും അവശേഷിക്കും.
Adjust Story Font
16

