ധർമ്മസ്ഥല വിരുദ്ധ സമര നേതാവ് തിമറോഡിയെ നാടുകടത്തുന്നു
ദക്ഷിണ കന്നഡയിൽ നിന്ന് റെയ്ച്ചൂർ ജില്ലയിലേക്കാണ് മാറ്റം

മംഗളൂരു :കൂട്ട ശവസംസ്‌കാരം, പി.യു കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം തുടങ്ങിയ സംഭവങ്ങളിൽ ധർമ്മസ്ഥലക്കെതിരായ സമരങ്ങളുടെ മുൻനിര പ്രവർത്തകനായ മഹേഷ് ഷെട്ടി തിമറോഡിയെ നാടുകടത്താൻ തീരുമാനം. റായ്ച്ചൂർ ജില്ലയിലെ മാൻവി താലൂക്കിലേക്ക് ഒരു വർഷത്തേക്കാണ് മാറ്റുന്നത്. ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് പുത്തൂർ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റെല്ല ധർമ്മസ്ഥല പ്രത്യക അന്വേഷണ സംഘത്തിന് കൈമാറി. ബെൽത്തങ്ങാടി പൊലീസിന്റെ ഹർജി പരിഗണിച്ചാണ് എസിപിയുടെ നടപടി.
2012 ൽ ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ കുടുംബത്തിന് നീതി നേടി പ്രവർത്തിക്കുന്ന ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി ചെയർമാനായ തിമറോഡി കൂട്ട ശവസംസ്‌കാരവുമായി ബന്ധപ്പെട്ട സമരങ്ങളിലും സജീവമാണ്.
ധർമ്മസ്ഥല വിഷയങ്ങൾ ഉയർത്തി വ്യാഴാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ പ്രതിഷേധ പരിപാടി നടക്കാനിരിക്കെയാണ് ഈ മാസം 18 മുതൽ പ്രാബല്യത്തോടെ തിമറോഡിയെ നാടുകടത്താനുള്ള ഉത്തരവിറങ്ങിയത്. തിമറോഡിക്കെതിരെ ഒന്നിലധികം പൊലീസ് സ്റ്റേഷനുകളിലായി 32 ഓളം കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് സി.പൊലീസ് കമ്മീഷണർക്ക് ബെൽത്തങ്ങാടി പൊലീസ് സമർപ്പിച്ച കേസുകളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടിൽ പറയുന്നു.
നാടുകടത്തൽ ഉത്തരവിന്റെ പകർപ്പ് ബണ്ട്വാൾ പൊലീസ് സബ് ഡിവിഷൻ ഡിവൈഎസ്പിക്കും അയച്ചു. അതിനിടെ തിമറോഡിയുടെ 11 അടുത്ത അനുയായികൾക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ് ലഭിച്ചു. കൂട്ട ശവസംസ്‌കാര കേസിലെ പരാതിക്കാരനും സാക്ഷിയുമായ ചിന്നയ്യയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്തതായി കൂട്ടാളികൾക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.
Adjust Story Font
16

