'സംശയമൊന്നുമില്ല, മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്നെ തുടരും': കർണാടക മന്ത്രി രാജണ്ണ
കർണാടകയിൽ നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് സഹകരണ മന്ത്രി രാജണ്ണയുടെ പ്രതികരണം

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്നെ തുടരുമെന്നും അടുത്ത വർഷവും സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നും സഹകരണ മന്ത്രി കെ.എൻ രാജണ്ണ.
കർണാടകയിൽ നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് സഹകരണ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, നേതൃമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ 16ാമത് ബജറ്റാണ് കഴിഞ്ഞ വെള്ളിയാഴ്ച സിദ്ധരാമയ്യ അവതരിപ്പിച്ചത്.
'അടുത്ത വര്‍ഷത്തെ ബജറ്റും അതിനുശേഷമുള്ള ബജറ്റും അദ്ദേഹം സിദ്ധരാമയ്യ തന്നെ അവതരിപ്പിക്കും. അതിൽ ഒരു സംശയവുമില്ല. എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ അത് ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരമായിരിക്കും'- കെ.എന്‍ രാജണ്ണ പറഞ്ഞു. സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന മന്ത്രിയാണ് രാജണ്ണ.
അതേസമയം കർണാടകയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ, പ്രത്യേകിച്ച് ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സജീവമാണ്. ഈ വർഷാവസാനം സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രിയായ ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കും എന്നായിരുന്നു പ്രചരിച്ചിരുന്നത്.
സിദ്ധരാമയ്യ അധികാരമേറ്റടുത്തത് മുതല്‍ ഇതുസംബന്ധിച്ച പ്രചാരണം സജീവമായിരുന്നു. എന്നാല്‍ സിദ്ധരാമയ്യയോ ഡി.കെ ശിവകുമാറോ ഇതുസംബന്ധിച്ചൊരു പ്രതികരണം നടത്തിയിട്ടില്ല. ഇതിനിടെ ഡി.കെ ശിവകുമാറിനെ ലക്ഷ്യമിട്ട് ബിജെപി പ്രചാരണങ്ങള്‍ സജീവമാക്കുന്നുമുണ്ട്.
Adjust Story Font
16

