Quantcast

15കാരന്റെ മോഷണശ്രമം പാളി; മരണത്തെ മുന്നിൽ കണ്ടത് മണിക്കൂറുകളോളം,ഒടുവില്‍ രക്ഷയായത് ഫയര്‍ഫോഴ്സ്

മുഖത്ത് പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സഞ്ജയ് നഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo
15കാരന്റെ മോഷണശ്രമം പാളി; മരണത്തെ മുന്നിൽ കണ്ടത് മണിക്കൂറുകളോളം,ഒടുവില്‍ രക്ഷയായത് ഫയര്‍ഫോഴ്സ്
X

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മോഷണത്തിനായി ക്ലിനിക്കിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച 15 വയസുകാരൻ ഷട്ടറിനും ഭിത്തിക്കുമിടയിൽ കുടുങ്ങി. ഇന്ദിരാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഭയ് ഖണ്ഡിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് ഷട്ടറിൽ ഒരാൾ തൂങ്ങിക്കിടക്കുന്നത് കണ്ട് ഞെട്ടിയത്.

കാർഡിയോളജിസ്റ്റ് ഡോ. പവൻ ശർമ്മയുടെ ക്ലിനിക്കിലാണ് മോഷണശ്രമം നടന്നത്. ഇന്ദിരാപുരത്തെ അഭയ് ഖണ്ഡിലെ ക്ലിനിക്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം അദ്ദേഹം പരിശോധന നടത്താറുണ്ട്. കഴിഞ്ഞദിവസം ഡോക്ടര്‍ ക്ലിനിക്കിലെത്തുന്നതിന്‍റെ ഭാഗമായി ജീവനക്കാര്‍ ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജീവനക്കാര്‍ ഉടന്‍ തന്നെ ഡോക്ടറെയും പൊലീസിനെയും വിവരം അറിയിച്ചു.

കള്ളൻ അകത്ത് തൂങ്ങിക്കിടക്കുന്നത് കണ്ട് എല്ലാവരും സ്തബ്ധരായി. മോഷ്ടാവിന്‍റെ തല ഷട്ടറിനും ചുമരിനുമിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഷട്ടർ തുറക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അത് തുറന്നില്ല. തുടര്‍ന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി 20 മിനിറ്റ് നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടി മോഷ്ടാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ശേഷം ഇയാളെ പൊലീസിന് കൈമാറി. മാനുഷിക പരിഗണന കണക്കിലെടുത്ത്, രക്ഷപ്പെടുത്തിയ ഉടൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ക്ലിനിക് ജീവനക്കാരും ചായയും വെള്ളവും നൽകിയ ശേഷമാണ് മോഷ്ടാവിനെ പൊലീസിന് കൈമാറിയത്.

മണിക്കൂറുകളോളം തലകീഴായി തൂങ്ങിക്കിടന്നതിനാൽ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. മുഖത്ത് പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സഞ്ജയ് നഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ദിരാപുരം എസിപി അഭിഷേക് ശ്രീവാസ്തവയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.

TAGS :

Next Story