Quantcast

'കഅബയെയും മദീനയെയും കുറിച്ച് സംസാരിക്കുന്നവർ ഇന്ത്യ വിടണം'; അസം മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

ഇന്ത്യയിലുള്ളവർ വിദേശത്തെ മതപരമായ സ്ഥലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ആഭ്യന്തര തീർഥാടന കേന്ദ്രങ്ങളിൽ ശ്രദ്ധിക്കണമെന്ന് ശർമ പറഞ്ഞു

MediaOne Logo
കഅബയെയും മദീനയെയും കുറിച്ച് സംസാരിക്കുന്നവർ ഇന്ത്യ വിടണം; അസം മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ
X

ഗുവാഹതി: വിദേശ രാജ്യങ്ങളിലെ പുണ്യസ്ഥലങ്ങളെക്കുറിച്ച് സംസാരിക്കുന്നവർ ഇന്ത്യ വിട്ടുപോകണമെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പരാമർശം വിവാദത്തിൽ. സയോനി ഘോഷുമായുള്ള സംവാദത്തിനിടെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയിലുള്ളവർ വിദേശത്തെ മതപരമായ സ്ഥലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ആഭ്യന്തര തീർഥാടന കേന്ദ്രങ്ങളിൽ ശ്രദ്ധിക്കണമെന്ന് ശർമ പറഞ്ഞു.

''കഅബയെയും മദീനയെയും കുറിച്ച് സംസാരിക്കുന്നവർ ഇന്ത്യ വിട്ട് അവിടെപ്പോയി താമസിക്കണം. ഇന്ത്യയിലെ ചർച്ചകൾ അയോധ്യയെയും അജ്മീർ ശരീഫ് ദർഗയെയും പോലുള്ള സ്ഥലങ്ങളെ കേന്ദ്രീകരിച്ചായിരിക്കണം''- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

പശ്ചിമ ബംഗാളിലെ ഭക്ഷണരീതികളെക്കുറിച്ചും രാഷ്ട്രീയ എതിരാളികളെ വെല്ലുവിളിച്ചും ഹിമന്ത അഭിമുഖത്തിൽ സംസാരിച്ചു. തന്നോടൊപ്പം ഭക്ഷണം കഴിക്കാൻ അദ്ദേഹം എതിരാളികളെ ക്ഷണിച്ചു. മേയ് നാലിന് താൻ 'ബംഗാളി മീൻ കറി' കഴിക്കുമെന്നും മറ്റാരെക്കാളും കൂടുതൽ ഭക്ഷണം തനിക്ക് കഴിക്കാൻ കഴിയുമെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.

അസമിലെ തടങ്കൽ പാളയങ്ങളെ സംബന്ധിച്ച ആരോപണങ്ങളും മുഖ്യമന്ത്രി നിഷേധിച്ചു. ബംഗാളി ഹിന്ദുക്കളെ ഇത്തരം കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്ന വാദം അദ്ദേഹം തള്ളി. അസമിലെ തടങ്കൽ പാളയങ്ങളിൽ ഒരു ബംഗാളി ഹിന്ദു പോലുമില്ല. ഒരാളെങ്കിലും ഉണ്ടെന്ന് തെളിയിച്ചാൽ ഇന്ന് തന്നെ രാജിവെക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിൽ 1950-ലെ ഇമിഗ്രന്റ്‌സ് നിയമം വലിയ അധികാരം നൽകുന്നുണ്ടെന്ന് ശർമ പറഞ്ഞു. ഒരു വ്യക്തി അനധികൃത കുടിയേറ്റക്കാരനാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ തീരുമാനിച്ചാൽ 48 മണിക്കൂറിനുള്ളിൽ നടപടിയെടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഈ നിയമത്തിന് കീഴിൽ അസം സർക്കാരിന് സുപ്രിംകോടതി വലിയ അധികാരം നൽകിയിട്ടുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരായ നടപടികൾ ശക്തമാക്കുന്നതിന് ഈ നിയമം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു.

TAGS :

Next Story