ബിഹാറിൽ വന്ദേഭാരത് ഇടിച്ച് മൂന്ന് മരണം; രണ്ട് പേർക്ക് പരിക്ക്
ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്

Photo | Hindustan
പട്‌ന: ബിഹാറിൽ പൂർണിയ ജില്ലയിലെ ജബൻപൂരിന് സമീപം വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജോഗ്ബാനിൽ നിന്ന് ദാനപൂരിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. കൈതാർ-ജോഗ്ബാനി റെയിൽവേ ലൈനിൽ വെച്ചാണ് അപകടം. പരിക്കേറ്റവരെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് അധികൃതർ അറിയിച്ചത്. അപകട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്കയച്ചു. ഒരാഴ്ചക്കിടെ ബിഹാറിൽ വന്ദേഭാരത് രണ്ടാമത്തെ തവണയാണ് അപകടത്തിൽപ്പെടുന്നത്. സെപ്റ്റംബർ 30 ന് സഹർസയിലെ ഹതിയാഗച്ചി റെയിൽവേ ക്രോസിംഗിന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
Adjust Story Font
16

