കഫ് സിറപ്പ് മരണം ഉയരുന്നു; മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് കുട്ടികൾ കൂടി മരിച്ചു
മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Photo| Special Arrangement
ഭോപ്പാൽ: കോൾഡ്റിഫ് കഫ് സിറപ്പ് കഴിച്ചുള്ള മരണ സംഖ്യ ഉയരുന്നു. മധ്യപ്രദേശിൽ രണ്ട് കുട്ടികളും രാജസ്ഥാനിൽ ഒരു കുട്ടിയും മരിച്ചു. ഇതോടെ ആകെ മരണം 14 ആയി. മധ്യപ്രദേശിൽ 11ഉം രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് ഇതുവരെ മരിച്ചത്. മധ്യപ്രദേശിലെ മരണമേറെയും ചിന്ദ്വാഡയിലാണ്. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.
കോൾഡ്‌റിഫ് മരുന്ന് കഴിച്ചതോടെ കുട്ടികളെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ വൃക്കകൾ തകരാറിലായതായും കോൾഡ്‌റിഫിൽ അടങ്ങിയിട്ടുള്ള വിഷാംശമാണ് മരണത്തിലേക്ക് നയിച്ചതെന്നും പരിശോധനയിൽ വ്യക്തമായി. മരുന്നിന്റെ സാമ്പിളുകളിൽ 48.6 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഉയർന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒപ്പം എഞ്ചിൻ ഓയിലുകളും അടങ്ങിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
മധ്യപ്രദേശിൽ കുട്ടികൾക്ക് കോൾഡ്റിഫ് മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിലായിട്ടുണ്ട്. പരേഷ്യയിലെ ശിശുരോഗവിദഗ്ധനായ ഡോ. പ്രവീൺ സോണിയാണ് പിടിയിലായത്. നിരോധിച്ച ശേഷവും ഡോക്ടർ ഈ മരുന്ന് കുട്ടികൾക്ക് നിർദേശിച്ചിരുന്നു. ഇതോടെയാണ് അറസ്റ്റ്. കഫ് സിറപ്പ് കഴിച്ച് മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്ത ഭൂരിഭാഗം കുട്ടികളെയും ചികിത്സിച്ചത് ഡോ. പ്രവീൺ സോണിയുടെ ക്ലിനിക്കിലായിരുന്നു. മരണത്തിന് കാരണമായ കോൾഡ്റിഫ് കഫ് സിറപ്പ് നിർമിച്ച ശ്രേശൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ മധ്യപ്രദേശ് സർക്കാർ കേസെടുത്തിട്ടുണ്ട്.
മധ്യപ്രദേശിനെ കൂടാതെ, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാൻ സംസ്ഥാനങ്ങളും കോൾഡ്‌റിഫ് നിരോധിച്ചിട്ടുണ്ട്. ജയ്പൂർ ആസ്ഥാനമായുള്ള കമ്പനിയായ കെയ്‌സൺസ് ഫാർമ നിർമിക്കുന്ന മരുന്നുകളുടെ വിതരണം രാജസ്ഥാനിൽ നിർത്തിവച്ചതായും സംസ്ഥാന ഡ്രഗ് കൺട്രോളറെ സസ്‌പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു. രാജസ്ഥാനിൽ സർക്കാരിനായി കെയ്‌സൺസ് ഫാർമ പുറത്തിറക്കിയ ഡിക്‌സ്‌ത്രോമെതോർഫൻ ഹൈഡ്രോബ്രോമൈഡ് സംയുക്തമടങ്ങിയ സിറപ്പ് കഴിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായത്.
കോൾഡ്റിഫ് മരുന്ന് കഴിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് കൂടുതലും മരിച്ചത്. കഫ് സിറപ്പ് കഴിച്ചുള്ള മരണത്തിൽ രാജ്യവ്യാപകമായി അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിൽ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന പുരോഗമിക്കുകയാണ്. തുടക്കത്തിൽതന്നെ വേണ്ട നടപടികളോ പരിശോധനയോ ഉണ്ടാവാത്തതാണ് മരണസംഖ്യ കൂടാൻ കാരണമെന്ന ആരോപണം ശക്തമാണ്. വരുംദിവസങ്ങളിൽ കൂടുതൽ സംസ്ഥാനങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
Adjust Story Font
16

