Quantcast

നൂറടി പൊക്കമുള്ള ടിപ്പു പ്രതിമ നിർമിക്കാൻ കോൺഗ്രസ് എം.എൽ.എ; പിന്തുണയുമായി സിദ്ധരാമയ്യ

ബി.ജെ.പി ചരിത്രം വളച്ചൊടിക്കുകയാണെന്ന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

MediaOne Logo

Web Desk

  • Published:

    13 Nov 2022 12:49 PM GMT

നൂറടി പൊക്കമുള്ള ടിപ്പു പ്രതിമ നിർമിക്കാൻ കോൺഗ്രസ് എം.എൽ.എ; പിന്തുണയുമായി സിദ്ധരാമയ്യ
X

ബംഗളൂരു: 18-ാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന് നൂറടി പൊക്കമുള്ള പ്രതിമ നിർമിക്കാൻ കർണാടകയിലെ കോൺഗ്രസ് എം.എൽ.എ. നഗരസിംഹരാജ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ തൻവീർ സേട്ട് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രഖ്യാപനം വിവാദമാക്കി ബി.ജെ.പി രംഗത്തെത്തിയതോടെ മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ എം.എൽ.എയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ടിപ്പു സുൽത്താന്റെ ഭരണസിരാകേന്ദ്രമായിരുന്ന ശ്രീരങ്കപട്ടണത്തോ മൈസൂരുവിലോ ആയിരിക്കും പ്രതിമ നിർമിക്കുക എന്നാണ് തൻവീർ അറിയിച്ചിട്ടുള്ളത്. ചരിത്രം വളച്ചൊടിച്ച് ടിപ്പുവിനെ തെറ്റായി ചിത്രീകരിക്കാനുള്ള ബി.ജെ.പി നീക്കത്തെ നേരിടാനായാണ് പ്രതിമ നിർമിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇസ്‌ലാമിൽ പ്രതിമ നിർമാണം അനുവദനീയമല്ല. എന്നാൽ, ബി.ജെ.പിയും സംഘ്പരിവാറും ടിപ്പുവിനെതിരെ കാംപയിൻ നടത്തുന്ന ഈയൊരു സാഹചര്യത്തിൽ ഇത്തരമൊരു പ്രതീകം ഉയരൽ അത്യാവശ്യമാണ്. ഒരു മുസ്‌ലിം ഭരണാധികാരിയായതുകൊണ്ടല്ല, വ്യക്തിപൂജ പ്രോത്സാഹിപ്പിക്കാനുമല്ല ടിപ്പുവിന്‍റെ പ്രതിമ നിർമിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

എന്നാൽ, തൻവീർ സേട്ടിന്റെ പ്രഖ്യാപനത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. ഇതോടെയാണ് സിദ്ധരാമയ്യ എം.എൽ.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ''എന്തുകൊണ്ട് ടിപ്പുവിന്റെ പ്രതിമ നിർമിച്ചുകൂടാ? അദ്ദേഹം അത് അർഹിക്കുന്നില്ലേ? ബി.ജെ.പി ചരിത്രം വളച്ചൊടിക്കുകയാണ്. അവർ നാരായണഗുരുവിനെക്കുറിച്ചും അംബേദ്ക്കറെക്കുറിച്ചുമെല്ലാം എന്താണ് പറഞ്ഞിട്ടുള്ളത്?''-സിദ്ധരാമയ്യ ചോദിച്ചു.

Summary: Tipu Sultan statue will be built in Mysuru or Srirangapatna, says Congress MLA from Karnataka Tanveer Sait

TAGS :

Next Story