പശ്ചിമബംഗാളിൽ മാത്രമല്ല അസമിലും ടിഎംസിയിൽ പ്രതിസന്ധി: സംസ്ഥാന അധ്യക്ഷൻ രാജിവെച്ചു
മുസ്‌ലിം പ്രീണനമാണ് നടത്തുന്നതെന്നും ഇരു സംസ്ഥാനങ്ങളിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമാണ് ടി.എം.സി പ്രവർത്തിക്കുന്നതെന്നും ആരോപിച്ചാണ് രാജി.

- Published:
29 May 2026 3:04 PM IST

മമത ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും
ഗുവാഹത്തി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) ആഭ്യന്തര കലഹം രൂക്ഷമാകുന്നു. അസം സംസ്ഥാന അധ്യക്ഷൻ അഭിജിത് മജുംദാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുസ്‌ലിം പ്രീണനമാണ് നടത്തുന്നതെന്നും ഇരു സംസ്ഥാനങ്ങളിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമാണ് ടി.എം.സി പ്രവർത്തിക്കുന്നതെന്നും ആരോപിച്ചാണ് രാജി.
പാർട്ടി അധ്യക്ഷ മമതാ ബാനർജിക്ക് ഇ-മെയിൽ വഴിയാണ് അഭിജിത് മജുംദാർ രാജിക്കാര്യം അറിയിച്ചത്. അസമിലും പശ്ചിമ ബംഗാളിലും തൃണമൂൽ കോൺഗ്രസ് മുസ്‌ലിം സമുദായത്തിന് വേണ്ടി മാത്രമുള്ള ഒരു സംഘടനയായി മാറുകയാണെന്ന് അദ്ദേഹം കത്തിൽ ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്നുപോകാൻ സാധിക്കില്ലെന്നും ടിഎംസിയുടെ രാഷ്ട്രീയ നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്നും മജുംദാർ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ പ്രത്യേകിച്ച് പശ്ചിമബംഗാളില്‍ ഉയർന്നുവന്ന വലിയ അസംതൃപ്തിയുടെയും കൂട്ടരാജികളുടെയും തുടർച്ചയാണ് അഭിജിത് മജുംദാറിന്റെ പുറത്തുപോകൽ. ആഴ്ചകൾക്ക് മുൻപ് മുതിർന്ന തൃണമൂൽ നേതാവും മുൻ രാജ്യസഭാ എം.പിയുമായ ശന്തനു സെൻ പാർട്ടിയുടെ ദേശീയ വക്താവ് സ്ഥാനം രാജിവെച്ചിരുന്നു. ആർ.ജി കർ മെഡിക്കൽ കോളേജ് കൊലപാതകക്കേസ് കൈകാര്യം ചെയ്ത രീതിയിലും, പാർട്ടിയിലെ അഴിമതി ആരോപണങ്ങളിലും പ്രതിഷേധിച്ചായിരുന്നു ശന്തനു സെന്നിന്റെ രാജി.
പാർട്ടിക്കുള്ളിലെ അഴിമതികളെയും അധാർമ്മികമായ നടപടികളെയും ഇനി ന്യായീകരിക്കാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം മമതാ ബാനർജിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. മുതിർന്ന നേതാക്കളുടെ തുടർച്ചയായ ഈ രാജി തൃണമൂൽ കോൺഗ്രസിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
Adjust Story Font
16
