എംഎൽഎമാരായ സന്ദീപൻ സാഹയെയും റിതബത്ര ബാനർജിയെയും പുറത്താക്കി ടിഎംസി
സമീപകാലത്ത് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ വ്യാജ ഒപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി

- Published:
2 Jun 2026 8:24 AM IST

കൊൽക്കത്ത: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന്് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രണ്ട് എംഎൽഎമാരെ പുറത്താക്കി. സന്ദീപൻ സാഹ, റിതബ്രത ബാനർജി എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി തൃണമൂൽ കോൺഗ്രസ് തിങ്കളാഴ്ച അറിയിച്ചത്. പാർട്ടി താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് ഇവർക്കെതിരെ നടപടി.
ജൂൺ ഒന്നിന് പുറപ്പെടുവിച്ച വ്യത്യസ്ത പുറത്താക്കൽ നോട്ടീസുകളിൽ, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച് ജയിച്ചിട്ടും പാർട്ടി നേതൃത്വം വിളിച്ചുചേർത്ത യോഗങ്ങളിൽ ഇരുവരും തുടർച്ചയായി വിട്ടുനിന്നതായി പാർട്ടി വ്യക്തമാക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകളും പ്രവർത്തനങ്ങളും രണ്ട് എംഎൽഎമാരുടെയും ഭാഗത്തുനിന്ന് ഉണ്ടായതായി പാർട്ടി നേതൃത്വം മനസിലാക്കിയെന്നും നോട്ടീസിൽ പറയുന്നു.
പുറത്താക്കൽ നോട്ടീസ് പുറപ്പെടുവിച്ച തീയതി മുതൽ തൃണമൂൽ കോൺഗ്രസിലെ എല്ലാ പദവികളിൽ നിന്നും ചുമതലകളിൽ നിന്നും ഇരുവരെയും നീക്കിയതായും പാർട്ടി അറിയിച്ചു. ഇവർ ചെയ്ത പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് നോട്ടീസിൽ കൃത്യമായി വ്യക്തമാക്കുന്നില്ലെങ്കിലും, പാർട്ടിയിലെ ഉന്നതാധികാര സമിതി വിഷയം ചർച്ച ചെയ്ത ശേഷമാണ് അച്ചടക്ക നടപടിയെന്ന് അറിയിച്ചിട്ടുണ്ട്. പാർട്ടി തീരുമാനത്തോട് സന്ദീപൻ സാഹയോ റിതബ്രത ബാനർജിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമീപകാലത്ത് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ വ്യാജ ഒപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. ബംഗാളിൽ പ്രതിപക്ഷനേതാവായി ശോഭൻദേബ് ചട്ടോപാധ്യായയെ നാമനിർദേശം ചെയ്യാനായിരുന്നു ടിഎംസി തീരുമാനം. ഇതുമായി ബന്ധപ്പെട്ട് 70 എംഎൽഎമാർ ഒപ്പിട്ട ഒരു പ്രമേയക്കത്ത് തൃണമൂൽ കോൺഗ്രസ് സ്പീക്കർക്ക് സമർപ്പിച്ചു. എന്നാൽ, ഇത്തരമൊരു പ്രമേയം പാസാക്കാൻ ഔദ്യോഗികമായി യോഗം ചേർന്നിട്ടില്ലെന്നും കത്തിലുള്ള പല ഒപ്പുകളും വ്യാജമാണെന്നും ആരോപിച്ച് റിതബ്രത ബാനർജിയും സന്ദീപൻ സാഹയും സ്പീക്കർക്ക് രേഖാമൂലം പരാതി നൽകി. എംഎൽഎമാരുടെ ഒപ്പുകൾ പാർട്ടി നേതൃത്വം വ്യാജമായി നിർമിച്ചതാണെന്നായിരുന്നു ഇവരുടെ ആരോപണം.
പരാതിയെ തുടർന്ന് അസംബ്ലി പ്രിൻസിപ്പൽ സെക്രട്ടറി പൊലീസിൽ പരാതി നൽകുകയും കേസ് പശ്ചിമ ബംഗാൾ സിഐഡിക്ക് കൈമാറുകയും ചെയ്തു. സിഐഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കത്തിലുള്ള 14 പേരുടെ പേരുകൾ ഒപ്പിന് പകരം ബ്ലോക്ക് ലെറ്ററുകളിലാണ് എഴുതിയിരിക്കുന്നതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ തങ്ങൾ അതിൽ ഒപ്പിട്ടിട്ടില്ലെന്ന് തൃണമൂൽ എംഎൽഎമാരായ ബഹാറുൽ ഇസ്ലാം, അരൂപ് റോയ്, സുഭാഷിഷ് ദാസ് എന്നിവർ സിഐഡിയോട് സമ്മതിക്കുകയും ചെയ്തു.
പാർട്ടി എംഎൽഎമാരുടെ ഒപ്പുകൾ അടങ്ങിയ ഈ പ്രമേയക്കത്ത് സ്പീക്കർക്ക് സമർപ്പിച്ചത് തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആയിരുന്നു. ഇതേത്തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിഐഡി അദ്ദേഹത്തിന് സമൻസ് അയച്ചെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെയും സ്പീക്കറുടെയും അടുത്ത് പരാതിയുമായി പോയത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്നാണ് ടിഎംസി നേതൃത്വത്തിന്റെ വിലയിരുത്തൽ. തുടർന്നാണ് റിതബ്രതയെയും സന്ദീപൻ സാഹയെയും പുറത്താക്കിയത്.
സിപിഎം നേതാവായിരുന്ന റിതബ്രത ബാനർജിയെ 2017-ലാണ് പാർട്ടി പുറത്താക്കിയത്. 2017 ഫെബ്രുവരിയിൽ ഒരു ഫുട്ബോൾ മത്സരം കാണാൻ ഗ്യാലറിയിലെത്തിയ റിതബ്രത ബാനർജിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഈ ചിത്രങ്ങളിൽ അദ്ദേഹം ധരിച്ചിരുന്ന വിലകൂടിയ ആപ്പിൾ സ്മാർട്ട് വാച്ചും പോക്കറ്റിൽ വെച്ചിരുന്ന മോണ്ട്ബ്ലാങ്ക് പേനയും പ്രത്യേകം അടയാളപ്പെടുത്തിക്കൊണ്ടാണ് ചിത്രങ്ങൾ പ്രചരിച്ചത്.
ലളിത ജീവിതം നയിക്കണം എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദർശങ്ങൾക്ക് വിരുദ്ധമായി, ഒരു കമ്യൂണിസ്റ്റ് എംപി ഇത്രയും ആഡംബര വസ്തുക്കൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന ചോദ്യം ഉന്നയിച്ച് ഒരു സിപിഎം അനുഭാവി തന്നെയാണ് ഈ ചിത്രം ആദ്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇത് വലിയ തോതിൽ ചർച്ചയായി.
ചിത്രം പങ്കുവെച്ച യുവാവിനെതിരെ റിതബ്രത ബാനർജി സ്വീകരിച്ച നടപടിയാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്. യുവാവ് ജോലി ചെയ്യുന്ന കമ്പനിയുടെ അധികൃതർക്ക് റിതബ്രത തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് ഇമെയിൽ അയക്കുകയും, അയാൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് വ്യക്തിപരമായ പ്രതികാര നടപടിയാണെന്ന രീതിയിൽ വിമർശനം ഇരട്ടിയാക്കി.
വിവാദം കടുത്തതോടെ സിപിഎം കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ റിതബ്രതയുടെ നടപടിയെ തള്ളിപ്പറഞ്ഞു. പാർട്ടി വിരുദ്ധമായ ആഡംബര ജീവിതശൈലിയും പാർട്ടി അനുഭാവിക്ക് നേരെ ഭീഷണി ഉയർത്തിയതും അന്വേഷിക്കാൻ സിപിഎം മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. തുടർന്ന് 2017 ജൂണിൽ അദ്ദേഹത്തെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും, അതേവർഷം സെപ്റ്റംബറിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് ഈ പേന ബിജെപി നേതാവായിരുന്ന നജ്മ ഹെപ്തുള്ള സമ്മാനിച്ചതാണെന്ന് റിതബ്രത വിശദീകരണം നൽകിയിരുന്നു.
Adjust Story Font
16
