തൃണമൂൽ വിമത എംപിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ചേരും, എൻഡിഎയെ പിന്തുണക്കും
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള പാർട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ

പശ്ചിമ ബംഗാൾ: തൃണമൂൽ കോൺഗ്രസ് നേരിടുന്ന ആഭ്യന്തര പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി വിമത എംപിമാരുടെ പുതിയ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കുന്നതിനായി തൃണമൂൽ കോൺഗ്രസിലെ 20 ഓളം വിമത എംപിമാർ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിക്കാൻ ഒരുങ്ങുന്നു. കകോലി ഘോഷ് ദസ്തിദാർ എംപിയുടെ നേതൃത്വത്തിലുള്ള വിമതർ പാർലമെന്റിൽ എൻഡിഎ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വിമത നീക്കങ്ങൾക്ക് വേഗം കൂട്ടിക്കൊണ്ട് എംപിമാർ ഡൽഹിയിൽ തന്ത്രപ്രധാനമായ കൂടിക്കാഴ്ചകൾ നടത്തി. കകോലി ഘോഷ് ദസ്തിദാർ, സായോനി ഘോഷ്, മാലാ റോയ്, മമതയുടെ മുൻ വിശ്വസ്തനായ സുദീപ് ബന്ദ്യോപാധ്യായ് തുടങ്ങിയ പ്രമുഖ നേതാക്കൾ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവുമായി ചർച്ചകൾ നടത്തി. ഇതിന് പിന്നാലെ വിമത എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്നും, തങ്ങളെയാണ് യഥാർഥ തൃണമൂൽ കോൺഗ്രസ് ആയി അംഗീകരിക്കേണ്ടതെന്നും ഇവർ സ്പീക്കറോട് ആവശ്യപ്പെട്ടു.
കൂറുമാറ്റ നിരോധന നിയമപ്രകാരം എംപിസ്ഥാനം നഷ്ടപ്പെടാതിരിക്കാനാണ് തൃണമൂലിൽ നിന്നും പിളർന്നുമാറുന്ന ഈ സംഘം മറ്റൊരു പാർട്ടിയിൽ ചേരുന്നത്. നിലവിലുള്ള എംപിമാരുടെ മൂന്നിൽ രണ്ട് ഭാഗം പേർ ഒപ്പമുണ്ടെങ്കിൽ അയോഗ്യത നേരിടാതെ മറ്റൊരു പാർട്ടിയിൽ ലയിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. രണ്ട് എംപിമാർ കൂടി തങ്ങളുടെ ക്യാമ്പിൽ എത്തിയതായും ഇപ്പോൾ 22 പേരുടെ പിന്തുണയുണ്ടെന്നും കകോലി ഘോഷ് അവകാശപ്പെടുന്നു. ത്രിപുര ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള പാർട്ടിയാണ് വിമതർ ചേരാനൊരുങ്ങുന്ന നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ.
ലോക്‌സഭയിൽ മൂന്നാമത്തെ വലിയ ഒറ്റക്കക്ഷി എന്ന പദവി തൃണമൂൽ കോൺഗ്രസിന് ഇതോടെ നഷ്ടപ്പെട്ടേക്കും. നേതൃത്വത്തിനെതിരെ ഉയർന്ന അസംതൃപ്തിയാണ് ഇപ്പോൾ വലിയൊരു പിളർപ്പിലേക്ക് വഴിമാറിയിരിക്കുന്നത്. സ്പീക്കർ ഈ ലയനം അംഗീകരിക്കുന്ന പക്ഷം, ദേശീയ തലത്തിൽ പാർട്ടിയുടെ സ്വാധീനം ഗണ്യമായി കുറയുകയും എൻഡിഎയ്ക്ക് പാർലമെന്റിൽ കൂടുതൽ കരുത്ത് ലഭിക്കുകയും ചെയ്യും. അന്തിമ തീരുമാനം ലോക്‌സഭാ സ്പീക്കറുടേതായിരിക്കും.
Adjust Story Font
16

