ബംഗളൂരു ദുരന്തം: കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയും ട്രഷററും രാജിവെച്ചു
ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും രാജിവെച്ചത്

ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (ആര്‍സിബി) ഐപിഎല്‍ കിരീട നേട്ട ആഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയും ട്രഷററും രാജിവെച്ചു. എ. ശങ്കറും ഇ.എസ് ജയറാമുമാണ് ക്രിക്കറ്റ് ബോഡിയുടെ സെക്രട്ടറി, ട്രഷറര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും രാജിവെച്ചത്.
വ്യാഴാഴ്ച ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായി ഇരുവരും അറിയിച്ചു. അതിനിടെ ഗേറ്റിന്റെയും ക്രൗഡ് മാനേജ്‌മെന്റിന്റേയും ഉത്തരവാദിത്വം അസോസിയേഷന് ഇല്ലെന്ന് പ്രസിഡന്റ് രഘു റാം ഭട്ടും രാജിവെച്ച ഉദ്യോഗസ്ഥരും കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആര്‍സിബി ഐപിഎല്‍ വിധാന്‍ സൗധയില്‍ നടത്താനുള്ള അനുമതി വാങ്ങിയ കാര്യവും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സബ്മിഷനില്‍ പറുന്നു. ദുരന്തത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ. ഗോവിന്ദരാജ് എംഎല്‍സിയെ ഇന്നലെ നീക്കിയിരുന്നു. ഗുരുതര ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ അഡീ. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഇന്റലിജന്‍സ്) ഹേമന്ത് നിംബാല്‍ക്കറെയും വെള്ളിയാഴ്ച സ്ഥലം മാറ്റി.
അതേസമയം, കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആര്‍സിബി മാര്‍ക്കറ്റിംഗ് മേധാവി നിഖില്‍ സൊസാലെ ഉള്‍പ്പെടെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്‍എയിലെ നാല് ഉദ്യോഗസ്ഥരെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
Adjust Story Font
16

