വന്ദേ ഭാരത് തടയാൻ ട്രാക്കിൽ മരത്തടികളും സിമന്റ് തൂണുകളും; വൈറലായി യുവാക്കളുടെ ദൃശ്യങ്ങൾ, വീഡിയോ
ട്രാക്കിൽ തടസ്സങ്ങൾ കണ്ടതിനെത്തുടർന്ന് വന്ദേ ഭാരത് ട്രെയിൻ പാതിവഴിയിൽ നിർത്തിയിട്ടതിനാൽ വലിയ അപകടമൊഴിവായി

- Updated:
2026-01-23 16:21:18.0

ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ യാത്ര തടയാൻ റെയിൽവേ ട്രാക്കിൽ മരത്തടികളും സിമന്റ് തൂണുകളും നിരത്തി വെച്ച് ഒരു സംഘം യുവാക്കൾ. യുവാക്കൾ പാളത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ട്രാക്കിൽ തടസ്സങ്ങൾ കണ്ടതിനെത്തുടർന്ന് വന്ദേ ഭാരത് ട്രെയിൻ പാതിവഴിയിൽ നിർത്തിയിട്ടതിനാൽ വലിയ അപകടമൊഴിവായി.
ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിൽ, ഒരു കൂട്ടം യുവാക്കൾ ട്രാക്കിൽ വലിയ മരത്തടികളും സിമന്റ് സ്തംഭങ്ങളും എടുത്തു വെക്കുന്നത് വ്യക്തമാണ്. രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കൊൽക്കത്ത-ഗുവാഹത്തി റൂട്ടിൽ സർവീസ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് റെയിൽവേ സുരക്ഷയെ ചോദ്യം ചെയ്യുന്ന ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ട്രെയിൻ അപകടങ്ങൾ സംഭവിക്കുമ്പോൾ ഭരണകൂടത്തെയും റെയിൽവേ സംവിധാനങ്ങളെയും കുറ്റപ്പെടുത്തുന്നവർ, ചില പൗരന്മാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ കൂടി കാണണമെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. ട്രെയിൻ പാളം തെറ്റിക്കാനും വലിയ അപകടങ്ങൾക്കും കാരണമായേക്കാവുന്ന ഈ പ്രവർത്തിയുടെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണുയരുന്നത്.
സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയിലെ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ റെയിൽവേ നിയമപ്രകാരം കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം വിനാശകരമായ ബുദ്ധിയുള്ളവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വരുംദിവസങ്ങളിൽ റെയിൽവേ ട്രാക്കുകളിൽ നിരീക്ഷണം ശക്തമാക്കണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.
Adjust Story Font
16
