വിജയ് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ടിവികെ
സാധാരണക്കാരായ സ്ഥാനാർഥികളെയാണ് താൻ അണിനിരത്തുന്നതെന്ന് വിജയ്

- Updated:
2026-03-29 07:29:36.0

ചെന്നൈ: തമിഴക വെട്രി കഴകം(ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് മത്സരിക്കുന്നത്. ടിവികെ ജില്ലാ സെക്രട്ടറി വി പി മതിയഴകൻ കരൂരിൽ സ്ഥാനാർഥിയാണ്. കരൂർ ദുരന്തത്തിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ടിവികെ നേതാവായിരുന്നു അദ്ദേഹം. 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനം.
ഒരു വട്ടം തനിക്ക് അവസരം നൽകണമെന്ന് പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ വിജയ് പറഞ്ഞു. പാർട്ടിയുടെ ചിഹ്നമായ 'വിസിൽ' ഉയർത്തിക്കാട്ടി, ഇതൊരു വിസിൽ വിപ്ലവ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. താനും തന്റെ സ്ഥാനാർത്ഥികളും തമ്മിൽ വ്യത്യാസമില്ലെന്നും എല്ലാവരെയും ഒരുപോലെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളും നിലവിൽ ഭരണകക്ഷിയായ ഡിഎംകെയുടെ കൈവശമാണ്. പെരമ്പൂരില്‍ ആർ.ഡി. ശേഖറും തിരുച്ചി ഈസ്റ്റില്‍ ഇന്നിഗോ എസ്. ഇരുദയരാജാണ് നിലവിലെ എംഎല്‍എമാര്‍. സാധാരണക്കാരായ സ്ഥാനാർത്ഥികളെയാണ് താൻ അണിനിരത്തുന്നതെന്ന് വിജയ് വ്യക്തമാക്കി. ഡിഎംകെയെ ലക്ഷ്യം വെച്ചുകൊണ്ട് രൂക്ഷമായ വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു.
"നമ്മുടെ സ്ഥാനാർത്ഥികൾക്ക് അഴിമതി നടത്തിയോ അനധികൃത ഖനനം നടത്തിയോ പരിചയമില്ല. ചോദ്യം ചെയ്യുന്ന മാധ്യമപ്രവർത്തകരെ മർദ്ദിച്ചും അവർക്ക് ശീലമില്ല. ജയിലിൽ പോയി തിരിച്ചുവന്ന അഴിമതിക്കാരായ സ്ഥാനാർത്ഥികൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണം" - വിജയ് പറഞ്ഞു. ഏപ്രിൽ 23ന് ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത് ശക്തമായ മത്സരത്തിനാണ്. തമിഴ് രാഷ്ട്രീയത്തിലെ ഈ വമ്പൻ പോരാട്ടത്തിൽ 'വിസിൽ' മുഴക്കി വിജയ് എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം.
Adjust Story Font
16
