ഒരു വോട്ടിൻ്റെ വില; മുൻമന്ത്രിയെ അട്ടിമറിച്ചത് ഒരൊറ്റ വോട്ടിന്, പിറന്നത് പുതുചരിത്രം
പ്രാദേശിക വിഷയങ്ങൾ ഉന്നയിച്ച് മണ്ഡലത്തിലെ 2012 വോട്ടർമാർ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു

- Updated:
2026-05-06 13:39:38.0

മധുര: "ഒരു വോട്ടിന് എന്ത് പ്രസക്തി?" എന്നതിന് ഉത്തരമായി തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം പിറന്നു. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ നിയമസഭാ മണ്ഡലത്തിൽ ഡിഎംകെയുടെ കരുത്തനായ നേതാവും മുൻ മന്ത്രിയുമായ കെ.ആർ. പെരിയകറുപ്പനെ വെറും ഒരു വോട്ടിനാണ് ടിവികെ സ്ഥാനാർഥി ആർ. ശ്രീനിവാസ സേതുപതി അട്ടിമറിച്ചത്. തമിഴ്‌നാട് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്.
30 റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലിൽ ആദ്യ 25 റൗണ്ടുകൾ വരെ പെരിയകറുപ്പൻ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. ഒരു ഘട്ടത്തിൽ 4,902 വോട്ടുകൾക്ക് വരെ അദ്ദേഹം മുന്നിലായിരുന്നു. എന്നാൽ, 26-ാം റൗണ്ട് മുതൽ കളി മാറി. ടിവികെ സ്ഥാനാർഥി സേതുപതി ലീഡ് ചെയ്യുകയും 30-ാം റൗണ്ട് പൂർത്തിയായപ്പോൾ 819 വോട്ടുകൾക്ക് മുന്നിലെത്തുകയും ചെയ്തു.
ഇവിഎം വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ സേതുപതിക്ക് 83,010 വോട്ടും പെരിയകറുപ്പന് 82,191 വോട്ടുമാണ് ലഭിച്ചത്. എന്നാൽ, പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ പെരിയകറുപ്പൻ വൻ മുന്നേറ്റം നടത്തി. സേതുപതിക്ക് 365 പോസ്റ്റൽ വോട്ടുകൾ ലഭിച്ചപ്പോൾ പെരിയകറുപ്പന് 1,183 വോട്ടുകൾ ലഭിച്ചു. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ വെറും ഒരു വോട്ടിന്റെ വ്യത്യാസത്തിൽ സേതുപതി വിജയിയാവുകയായിരുന്നു. റീപോളിംഗിനും അസാധുവായ വോട്ടുകൾ വീണ്ടും പരിശോധിക്കാനും ഡിഎംകെ ആവശ്യപ്പെട്ടു. നിരവധി പുനഃപരിശോധനകൾക്ക് ശേഷം ചൊവ്വാഴ്ച പുലർച്ചെ 1.15-ഓടെയാണ് വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ വിജയത്തോടെ തമിഴ്‌നാട്ടിൽ ടിവികെ നേടിയ ആകെ സീറ്റുകളുടെ എണ്ണം 108 ആയി.
തിരുപ്പത്തൂർ മണ്ഡലത്തിലെ ആർ. പാലകുറിച്ചി പഞ്ചായത്തിലെ 2,012 വോട്ടർമാർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. വോട്ടവകാശവും പൊലീസ് സ്റ്റേഷൻ പരിധിയും സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങൾ പെരിയകറുപ്പൻ പരിഗണിക്കാതിരുന്നതാണ് ബഹിഷ്‌കരണത്തിന് കാരണമെന്ന് ഗ്രാമവാസികൾ പറയുന്നു. ഈ വോട്ടുകൾ പോൾ ചെയ്യപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഫലം മാറുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുപ്പത്തൂരിലെ ഫലം അംഗീകരിക്കാൻ ഡിഎംകെ തയ്യാറായിട്ടില്ല. പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ വിഷയത്തിൽ ചർച്ചകൾ നടത്തിയെന്നും ഫലം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നും ഉദയനിധി സ്റ്റാലിൻ അറിയിച്ചു.
Adjust Story Font
16
