'പൊള്ളലേറ്റത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്'; സ്ത്രീധന കൊലപാതകത്തിൽ അന്വേഷണം സങ്കീർണമാക്കി നിക്കിയുടെ മൊഴി
സ്ത്രീധന പീഡനത്തിനൊടുവിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയെന്നായിരുന്നു നിക്കിയുടെ സഹോദരി കാഞ്ചന്റെ മൊഴി

ന്യൂഡൽഹി: നോയിഡയിലെ നിക്കി ഭാട്ടി കേസിൽ നിർണായക വഴിത്തിരിവ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തനിക്ക് പൊള്ളലേറ്റതെന്ന് യുവതി ഡോക്ടർമാരോട് പറഞ്ഞതായി നോയിഡ പൊലീസ് അവകാശപ്പെട്ടു. ഇത് ആശുപത്രി മെമ്മോയിൽ രേഖപ്പെടുത്തിയതായി ഡോക്ടർ പറഞ്ഞെന്നാണ് പൊലീസ് വാദം.
സ്ത്രീധന പീഡനത്തിനൊടുവിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയെന്നായിരുന്നു നിക്കിയുടെ സഹോദരി കാഞ്ചന്റെ മൊഴി. നിക്കിയുടെ മകനും സമാനമായ മൊഴി നൽകിയിരുന്നു. എന്നാൽ സംഭവസമയത്ത് ഭർത്താവ് പുറത്തുനിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ ഒരു കടയുടെ സിസിടിവിയിൽ നിന്ന് ലഭിച്ചിരുന്നു.
വിപിന്റെ ജ്യേഷ്ഠന്റെ ഭാര്യയും നിക്കിയുടെ സഹോദരിയുമാണ് കാഞ്ചൻ. വിപിനാണ് തന്നെ തീക്കൊളുത്തിയതെന്ന് നിക്കി ആരോപിച്ചതായി കാഞ്ചൻ ഉറപ്പിച്ചു പറയുന്നു. വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിന്റെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. നിക്കിയെ ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചേർന്ന് നിർബന്ധിച്ച് മൊഴി നൽകിപ്പിച്ചതാണോ എന്നാണ് സംശയം. 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്നാണ് നിക്കി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കാര്യങ്ങൾ സ്ഥിരീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ നിക്കിയുടെ ഭർതൃവീട്ടുകാർക്കെതിരെ അവരുടെ കുടുംബം ഉന്നയിച്ച അതേ ആരോപണം ഉന്നയിച്ച് നിക്കിയുടെ സഹോദര പത്‌നി മീനാക്ഷി ഇന്നലെ രംഗത്തെത്തിയിരുന്നു. നിക്കിയുടെ വീട്ടുകാർക്കെതിരെ ആയിരുന്നു മീനാക്ഷിയുടെ ആരോപണം. നിക്കിയുടെ സഹോദരൻ രോഹിത് പൈലയുമായി അകന്നുകഴിയുകയാണ് മീനാക്ഷി. താനും ഭർതൃവീട്ടുകാരിൽ നിന്ന് സ്ത്രീധനപീഡനം നേരിട്ടെന്ന് ആയിരുന്നു ആരോപണം. വിഷയത്തിൽ നിക്കിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കും എതിരെ 2024ൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മീനാക്ഷി വെളിപ്പെടുത്തി.
Adjust Story Font
16

