Quantcast

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തു; കർണാടകയിൽ രണ്ട് സർക്കാർ അധ്യാപകർക്ക് സസ്‌പെൻഷൻ

ഹുണസഗി ഗവ. ഗേൾസ് ഹൈസ്‌കൂളിലെ അധ്യാപകനായ ഗുരുരാജ് ജോഷി, സുർപ്പൂർ താലൂക്കിലെ കുപ്പി ഗ്രാമത്തിലെ ഗവ. ലോവർ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകൻ അണ്ണാസാഹെബ് ദേശ്മുഖ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്

MediaOne Logo
ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തു; കർണാടകയിൽ രണ്ട് സർക്കാർ അധ്യാപകർക്ക് സസ്‌പെൻഷൻ
X

ബെംഗളൂരു: ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ സ്‌കൂൾ അധ്യാപകരെ കർണാടക പൊതുവിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കർണാടകയിലെ യാദ്ഗിർ ജില്ലയിലാണ് സംഭവം.

ഹുണസഗി ഗവ. ഗേൾസ് ഹൈസ്‌കൂളിലെ അധ്യാപകനായ ഗുരുരാജ് ജോഷി, സുർപ്പൂർ താലൂക്കിലെ കുപ്പി ഗ്രാമത്തിലെ ഗവ. ലോവർ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകൻ അണ്ണാസാഹെബ് ദേശ്മുഖ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. യാദ്ഗിർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ ചന്നബസപ്പ മുദോളാണ് നടപടി ഉത്തരവിറക്കിയത്.

ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം ഒക്ടോബർ/നവംബർ മാസങ്ങളിൽ വിജയപുര ജില്ലയിലെ താലികോട്ടെയിൽ നടന്ന റൂട്ട് മാർച്ചിലാണ് ഇരുവരും പങ്കെടുത്തത്. സർക്കാർ സർവീസിലിരിക്കെ ചട്ടങ്ങൾ ലംഘിച്ച് സംഘടനാ പരിപാടികളിൽ പങ്കെടുത്തുവെന്ന് കാണിച്ച് അംബേദ്കർ സ്വാഭിമാനി സേന എന്ന സംഘടന വിദ്യാഭ്യാസ വകുപ്പിനും ജനപ്രതിനിധികൾക്കും പരാതി നൽകിയിരുന്നു.

സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ ഗ്രാമവികസന വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്ക് കത്തയച്ച് അന്വേഷണത്തിനും നടപടിക്കും ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ അധ്യാപകർ റൂട്ട് മാർച്ചിൽ പങ്കെടുത്തതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാസങ്ങൾക്ക് ശേഷം ഇപ്പോൾ സസ്‌പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്.

സർക്കാർ ജീവനക്കാരുടെ സർവീസ് ചട്ടങ്ങൾ ലംഘിച്ചതിനാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വകുപ്പുതല അന്വേഷണം പൂർത്തിയാകുന്നതുവരെ സസ്‌പെൻഷൻ നിലനിൽക്കും.

TAGS :

Next Story