Quantcast

'ഉദ്ധവും രാജും ഒരുമിച്ച് കൂടുതല്‍ യാത്ര നടത്തിയിരുന്നുവെങ്കിൽ മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മാറിയേനെ': സഞ്ജയ് റാവത്ത്‌

എന്തിനാണ് മത്സരിക്കുന്നത് എന്ന് പ്രതിപക്ഷം പോലും ചിന്തിച്ചുപോകുന്ന ഒരു സാഹചര്യമാണ് ബിജെപി സൃഷ്ടിച്ചിരിക്കുന്നതെന്നും റാവത്ത്

MediaOne Logo
ഉദ്ധവും രാജും ഒരുമിച്ച് കൂടുതല്‍ യാത്ര നടത്തിയിരുന്നുവെങ്കിൽ മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മാറിയേനെ: സഞ്ജയ് റാവത്ത്‌
X

മുംബൈ: ഉദ്ധവ് താക്കറെയും രാജ് താക്കറെയും സംസ്ഥാനത്ത് കൂടുതൽ യാത്രകൾ നടത്തി ജനങ്ങളെ കണ്ടിരുന്നെങ്കിൽ മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മാറുമായിരുന്നുവെന്ന് ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പാര്‍ട്ടി മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

"തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉദ്ധവ് താക്കറെയും രാജ് താക്കറെയും മഹാരാഷ്ട്രയിലുടനീളം ഒരുമിച്ച് സഞ്ചരിച്ചിരുന്നെങ്കിൽ, ഫലങ്ങളിൽ തീർച്ചയായും മാറ്റം വരുമായിരുന്നു എന്നൊരു പൊതുവികാരം ജനങ്ങൾക്കിടയിലുണ്ട്''- സഞ്ജയ് റാവത്ത് പറഞ്ഞു.

പ്രതിപക്ഷത്തിന് പോരാടാനുള്ള വീര്യമില്ല എന്ന് പറയുന്നത് പൂർണ്ണമായും ശരിയല്ലെന്നും എന്തിനാണ് മത്സരിക്കുന്നത് എന്ന് പ്രതിപക്ഷം പോലും ചിന്തിച്ചു പോകുന്ന ഒരു സാഹചര്യമാണ് ബിജെപി സൃഷ്ടിച്ചിരിക്കുന്നതെന്നും റാവത്ത് വ്യക്തമാക്കി. ബിജെപിയും അവരുടെ സഖ്യകക്ഷികളും ഭൂരിഭാഗം മുൻസിപ്പൽ കൗൺസിലുകളിലും കോർപ്പറേഷനുകളിലും ജില്ലാ പരിഷത്തുകളിലും വിജയം നേടിയെന്നും പ്രതിപക്ഷത്തിന് പോരാടാനുള്ള വീര്യം പോലും ഇല്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു റാവത്തിന്റെ വാക്കുകള്‍.

പണവും കൂറുമാറ്റവും ആയുധമാക്കിയെന്ന ആരോപണവും റാവത്ത് ഉന്നയിച്ചു. ''തെരഞ്ഞെടുപ്പിന് മുൻപ് സ്ഥാനാർത്ഥികളെ തട്ടിയെടുക്കുന്നു അല്ലെങ്കിൽ വിജയിച്ചതിന് ശേഷം അവരെ വിലയ്ക്ക് വാങ്ങുന്നു. ഈയൊരു സാഹചര്യത്തിൽ എങ്ങനെ പോരാടാനാകും?”- അദ്ദേഹം കുറിച്ചു. ബിജെപി 2029-ലേക്ക് നേരത്തെ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞെന്നും 25,000 കോടി രൂപയുടെ ബജറ്റ് ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്നും അത് ഇനിയും വർധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കളുടെ കീഴിൽ ശക്തിപ്പെട്ട ബിജെപിയുടെ ബൂത്ത് തല ശൃംഖലയാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story