'അനക്കോണ്ടയാണ് അമിത് ഷാ, മുംബൈയെ വിഴുങ്ങാൻ ബിജെപി ശ്രമിക്കുന്നു': ഉദ്ധവ് താക്കറെ
രാഷ്ട്രീയ കൃത്രിമത്വത്തിലൂടെയും ഭൂമി കൈയേറ്റത്തിലൂടെയും മുംബൈയെ വിഴുങ്ങാൻ ബിജെപി ശ്രമിക്കുന്നുവെന്നും ഉദ്ധവ് താക്കറെ

ഉദ്ധവ് താക്കറെ- അമിത് ഷാ Photo-PTI
മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ.
അമിത് ഷായെ അനക്കോണ്ടയോടാണ് താക്കറെ ഉപമിച്ചത്. വോർലിയിലെ എൻഎസ്‌സിഐ ഡോമിൽ നടന്ന പാർട്ടി പരിപാടിയിലായിരുന്നു ഉദ്ധവ് താക്കറെയുടെ വിമര്‍ശനം. രാഷ്ട്രീയ കൃത്രിമത്വത്തിലൂടെയും ഭൂമി കൈയേറ്റത്തിലൂടെയും മുംബൈയെ വിഴുങ്ങാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
എന്നാല്‍ അത്തരത്തിലുള്ള ഏത് നീക്കത്തേയും ചെറുക്കുമെന്നും മുംബൈയെ നിയന്ത്രിക്കാനുള്ള ഭരണകക്ഷിയുടെ അത്യാഗ്രഹത്തിന് അതിരുകളില്ലെന്ന് ഉദ്ധവ് പറഞ്ഞു. മിന്നൽ വേഗത്തിൽ ഭൂമി പിടിച്ചെടുത്താണ് പുതിയ ബിജെപി ഓഫീസ് നിർമ്മിച്ചതെന്ന് ശിവസേന മുഖപത്രമായ സാംനയിൽ വന്ന റിപ്പോർട്ടിന് പിന്നാലെയാണ് താക്കറെയുടെ പ്രസംഗം.
അതേസമയം ഉദ്ധവിന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷം രംഗത്ത് എത്തി. അദ്ദേഹത്തിന്റെ കാലത്താണ് മുംബൈയുടെ സമ്പത്തെല്ലാം വിഴുങ്ങിയതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ഷിന്‍ഡെ വിഭാഗം നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. മറ്റുള്ളവരെ അനക്കോണ്ട എന്ന് വിളിക്കുന്നയാൾ തന്നെയാണ് യഥാർത്ഥ അനക്കോണ്ട. അനക്കോണ്ടകളുടെ പ്രത്യേകത എന്തെന്നാൽ അവയുടെ വിശപ്പ് ഒരിക്കലും അവസാനിക്കുന്നില്ല എന്നതാണ്. അങ്ങനെ മുംബൈയുടെ സമ്പത്ത് മുഴുവന്‍ വിഴുങ്ങിയയാളാണ് അദ്ദേഹം'- ഷിന്‍ഡെ പറഞ്ഞു.
Adjust Story Font
16

