എബോള ഭീതി: ഉഗാണ്ടയിൽ നിന്നെത്തിയ യുവതി ബംഗളൂരുവിൽ ക്വാറന്റീനിൽ; ജാഗ്രതയോടെ ആരോഗ്യവകുപ്പ്
യുവതിയുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു

- Published:
27 May 2026 11:20 AM IST

ബംഗളൂരു: എബോള ഭീതിയുടെ പശ്ചാത്തലത്തില്‍ ഉഗാണ്ടയിൽ നിന്നെത്തിയ 28 കാരിയെ ബംഗളൂരവില്‍ നിരീക്ഷണത്തിലാക്കി. യുവതിക്ക് നേരിയ ലക്ഷണങ്ങളും ശരീരവേദനയും കണ്ടതിനെ തുടർന്ന് ഇന്നലെയാണ്ബംഗളൂരുവിലെ സർക്കാർ നടത്തുന്ന എപ്പിഡെമിക് ഡിസീസസ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ബംഗളൂരുവിൽ എബോള ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉഗാണ്ടയിൽ നിന്ന് അടുത്തിടെ അഹമ്മദാബാദിൽ എത്തിയ യുവതി പിന്നീട് ബംഗളൂരുവിലേക്ക് വരികയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
എയർപോർട്ട് സ്ക്രീനിംഗിൽ ഇവർക്ക് ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെങ്കിലും, എബോള ബാധിത പ്രദേശത്തു നിന്നുള്ള യാത്രാ ചരിത്രം കണക്കിലെടുത്ത് ആരോഗ്യ അധികൃതർ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഡിസ്ട്രിക്റ്റ് സർവൈലൻസ് ടീമും എയർപോർട്ട് ആരോഗ്യ ഉദ്യോഗസ്ഥരും ഇവരുടെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്തു. ഏകദേശം 24 മണിക്കൂറിന് ശേഷം ഇവർക്ക് നേരിയ ശരീരവേദന അനുഭവപ്പെടുകയും, തുടർന്ന് സാമ്പിളുകൾ ശേഖരിച്ച് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും ചെയ്തു. അതേസമയം, യുവതിയുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഫലം നെഗറ്റീവ് ആണെങ്കിൽ പോലും, പ്രോട്ടോക്കോൾ അനുസരിച്ച് 48 മണിക്കൂർ നിരീക്ഷണത്തിന് ശേഷം വീണ്ടും പരിശോധന നടത്തും. തുടർച്ചയായി രണ്ട് തവണ പരിശോധനാ ഫലം നെഗറ്റീവ് ആയാൽ മാത്രമേ ഇവരെ ഡിസ്ചാർജ് ചെയ്യൂവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എബോള ജാഗ്രതയുടെ പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടികളുടെ ഭാഗമായി കർണാടക ആരോഗ്യ വകുപ്പ് ബെംഗളൂരുവിലെയും മംഗളൂരുവിലെയും സർക്കാർ ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ, ക്വാറന്റൈൻ, ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. എബോളയുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഈ മുൻകരുതലുകൾ.
Adjust Story Font
16
