Quantcast

അദാനിയുടെ ക്രമക്കേടിനെ കുറിച്ച് സെബി മേധാവിക്ക് ഡിആര്‍ഐയുടെ കത്ത്; കത്ത് ലഭിച്ച മേധാവി പിന്നീട് എന്‍ഡിടിവിയുടെ തലപ്പത്ത്

ഈ വർഷം മാർച്ചിലാണ് സിൻഹ എൻഡിടിവിയുടെ സ്വതന്ത്ര ഡയറക്ടറായത്. വാർത്താ ചാനലിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം രണ്ടു വർഷത്തേക്കായിരുന്നു നിയമനം.

MediaOne Logo

Web Desk

  • Updated:

    2023-09-01 18:46:04.0

Published:

1 Sep 2023 11:59 AM GMT

UK Sinha
X

ന്യൂഡൽഹി: അദാനി ഗ്രൂപ്പിലെ ക്രമക്കേടുകളെ കുറിച്ച് കേന്ദ്ര റവന്യൂ ഇന്റലിജൻസ് അന്വേഷണം നടത്തി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ക്ക് റിപ്പോർട്ട് നൽകിയിരുന്നതായി വെളിപ്പെടുത്തൽ. എന്നാൽ വിപണി നിയന്ത്രണ അതോറിറ്റിയായ സെബി ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമമായ ഫൈനാൻഷ്യൽ ടൈംസ് റിപ്പോർട്ടു ചെയ്തു. റിപ്പോര്‍ട്ടിനു മേല്‍ അടയിരുന്ന സെബി ചെയർമാൻ യു.കെ സിൻഹ പിന്നീട് എൻഡിടിവിയുടെ നൊൺ എക്‌സിക്യൂട്ടീവ് ഇൻഡിപെൻഡന്റ് ഡയറക്ടറായി ചുമതലയേറ്റതും ദുരൂഹമായി തുടരുന്നു.

ഈ വർഷം മാർച്ചിലാണ് സിൻഹ എൻഡിടിവിയുടെ സ്വതന്ത്ര ഡയറക്ടറായത്. വാർത്താ ചാനലിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം രണ്ടു വർഷത്തേക്കായിരുന്നു നിയമനം.

അദാനി ഗ്രൂപ്പ് വാങ്ങിയ ഊർജ ഉപകരണങ്ങളിൽ ഓവർ ഇൻവോയ്‌സ് ഉണ്ടെന്ന് 2014 ജനുവരിയിലാണ് ധനമന്ത്രാലയത്തിന് കീഴിലെ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. അന്വേഷണ വിവരങ്ങൾ ഇന്റലിജൻസ് ഡി.ജി നജീബ് ഷാ സെബിക്ക് കൈമാറുകയും ചെയ്തു. രണ്ട് നോട്ടുകളാണ് റവന്യൂ ഇന്റലിജൻസ് സെബിയെ അറിയിച്ചത്.

ഒന്ന്; യുഎഇ ആസ്ഥാനമായ മധ്യവർത്തിയിൽനിന്ന് അദാനി ഗ്രൂപ്പ് കമ്പനികൾ ഇറക്കുമതി ചെയ്ത മെഷിനറികളിലും ഉപകരണങ്ങളിലും അധികമൂല്യത്തിന്റെ പ്രശ്‌നമുണ്ട്. ഇത് 6278 കോടി രൂപ വരും. ദുബൈയിൽ നിന്ന് മൗറീഷ്യസ് ആസ്ഥാനമായ കമ്പനിയിലേക്കാണ് പണം അയച്ചിട്ടുള്ളത്. ഈ പണത്തിന്റെ വിഹിതം ഓഹരി വിപണിയിലെ അദാനി സ്റ്റോക്കുകളിലേക്ക് തിരികെയെത്തുമെന്ന സൂചനയുണ്ട്.

രണ്ട്; ഓഹരി വിപണിയിലെ അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെ കുറിച്ച് സെബി അന്വേഷണം നടത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഓഹരി വിപണിയിലേക്ക് 2323 കോടി രൂപ എത്തിയതിന്റെ തെളിവ് ഇതോടൊപ്പം വയ്ക്കുന്നുണ്ട്. ഈ ഡയറക്ടറേറ്റിന്റെ മുംബൈ സോണൽ യൂണിറ്റാണ് സംഭവം അന്വേഷിച്ചത്.


ക്രമക്കേട് അറിയിച്ച് കേന്ദ്ര റവന്യൂ ഇന്‍റലിജന്‍സ് സെബിക്ക് അയച്ച കത്ത്


എന്നാൽ ഈ റിപ്പോർട്ടുകളിൽ സെബി ഒരു നടപടിയും സ്വീകരിച്ചില്ല. ഒമ്പതു വർഷം മുമ്പുള്ള സംഭവത്തെ കുറിച്ച് ഓർമയില്ലെന്നാണ് യു.കെ സിൻഹ സ്‌ക്രോൾ ഡോട് കോമിനോട് പ്രതികരിച്ചത്.

2011 മുതൽ 2017 വരെയുള്ള കാലയളവിൽ സെബി ചെയർമാനായിരുന്നു സിൻഹ. മോദി സർക്കാർ രണ്ടു തവണയാണ് ഇദ്ദേഹത്തിന് സർവീസ് കാലാവധി നീട്ടി നൽകിയത്. സെബിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ചെയർമാൻ പദവിയിലിരിക്കുന്ന രണ്ടാമത്തെയാളാണ് സിൻഹ. ഏഴു വർഷം പദവിയിലിരുന്ന ഡി.ആർ മേത്തയാണ് ഒന്നാമത്തെയാൾ.

തട്ടിപ്പു കമ്പനികൾ അദാനിയിൽ നിക്ഷേപം നടത്തി

അദാനി ഗ്രൂപ്പ് ഓഹരികളിൽ അദാനി കുടുംബം തന്നെ ഷെൽ കമ്പനികൾ വഴി രഹസ്യനിക്ഷേപം നടത്തിയതായി രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓഹരിമൂല്യം പെരുപ്പിച്ചു കാട്ടി വിപണിയിൽ കൃത്രിമം നടത്താനാണ് നിക്ഷേപം ഉപയോഗിച്ചതെന്ന് ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർ്ട്ടിങ് പ്രൊജക്ട് (ഒസിസിആർപി) പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളായ ദ ഗാർഡിയനും ഫൈനാൻഷ്യൻ ടൈംസും റിപ്പോർട്ടിലെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചു. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഒസിസിആർപി.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുമായി അടുത്ത ബന്ധമുള്ള യുഎഇ പൗരൻ നാസർ അലി ഷബാൻ അഹ്ലിയുടെയും തായ്വാനി പൗരൻ ചാങ് ചുങ് ലിങിന്റെയും കമ്പനികളാണ് അദാനി ഗ്രൂപ്പ് ഓഹരികൾ കൈവശപ്പെടുത്തിയത്. ഫ്ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി പോർട്, അദാനി ട്രാൻസ്മിഷൻ എന്നീ നാലു ലിസ്റ്റഡ് കമ്പനികളുടെ 13 ശതമാനം ഫ്രീ ഫ്ളോട്ട് ഓഹരികളാണ് (പൊതുവ്യാപാര ഓഹരികൾ) ഇവർ രഹസ്യമായി നിയന്ത്രിച്ചത്. വിവിധ അദാനി കമ്പനികളിൽ ഡയറക്ടർമാരും ഓഹരി ഉടമകളുമായി ഇരുന്നവരാണ് രണ്ടു പേരും.

ചാങ്ങിന്റെ ഉടമസ്ഥതയിലുള്ള ലിൻഗോ ഇൻവസ്റ്റ്മെന്റ് ലിമിറ്റഡ്, അഹ്ലിയുടെ ഉടമസ്ഥതയിലുള്ള ഗൾഫ് അരിജ് ട്രേഡിങ് എഫ്ഇസഡ്ഇ, മിഡ് ഈസ്റ്റ് ഓഷ്യൻ ട്രേഡ് (മൗറീഷ്യസ്), അഹ്ലിയുടെ നിയന്ത്രണത്തിലുള്ള ഗൾഫ് ഏഷ്യ ട്രേഡ് ആന്റ് ഇൻവസ്റ്റ്മെന്റ് ലിമിറ്റഡ് എന്നീ കമ്പനികൾ 430 ദശലക്ഷം യുഎസ് ഡോളറാണ് അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചത്. ഇവ ഷെൽ കമ്പനികളാണ് എന്നാണ് ആരോപണം.

2013 സെപ്തംബറിൽ എട്ടു ബില്യൺ യുഎസ് ഡോളറിന്റെ വിപണി മൂല്യം മാത്രമുണ്ടായിരുന്ന അദാനി ഗ്രൂപ്പിന്റെ വളർച്ച, നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം അത്ഭുതാവഹമായിരുന്നു. കഴിഞ്ഞ വർഷം 260 ബില്യൺ യുഎസ് ഡോളറാണ് അദാനിയുടെ വിപണിമൂല്യം. ട്രാൻസ്പോട്ടേഷൻ, ലോജിസ്റ്റിക്സ്, പ്രകൃതിവാതകം, കൽക്കരി, ഊർജം, അടിസ്ഥാന സൗകര്യം, റിയൽ എസ്റ്റേറ്റ് തുടങ്ങി ബഹുമുഖ മേഖലയിൽ നിക്ഷേപമുള്ള അദാനി മോദിയോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യവസായിയാണ്.




TAGS :

Next Story