'ഫ്രാക്ചേർഡ് കമ്മ്യൂണിറ്റീസ്'; ഉമർ ഖാലിദിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങി
പിഎച്ച്.ഡി പ്രബന്ധത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്
ന്യൂഡൽഹി: മുൻ ജെഎൻയു വിദ്യാർത്ഥി നേതാവും യുഎപിഎ പ്രകാരം തടവിൽ കഴിയുന്നതുമായ ഉമർ ഖാലിദിന്റെ ആദ്യ പുസ്തകമായ 'ഫ്രാക്ചേർഡ് കമ്മ്യൂണിറ്റീസ്' പുറത്തിറങ്ങി. വർഷങ്ങളോളം നീണ്ട നിയമ പോരാട്ടങ്ങൾക്കും തടവുശിക്ഷയ്ക്കും ശേഷമാണ് അദ്ദേഹം തന്റെ ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കിയത്. ജഗ്ഗർനോട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകം, ജെഎൻയുവിലെ ഖാലിദിന്റെ പിഎച്ച്.ഡി പ്രബന്ധത്തെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. തന്റെ വിദ്യാർത്ഥി കാലഘട്ടത്തിൽ രാജ്യദ്രോഹക്കുറ്റങ്ങളും വിവിധ അച്ചടക്ക നടപടികളും നേരിട്ട ശേഷമാണ് ഖാലിദ് ജെഎൻയുവിലെ ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കിയത്.
സാമൂഹിക-രാഷ്ട്രീയ-സാമ്പത്തികപരമായ കാരണങ്ങളാൽ ഒറ്റപ്പെടുകയോ, അകലുകയോ ചെയ്ത സമൂഹങ്ങളെയാണ് 'ഫ്രാക്ചേർഡ് കമ്മ്യൂണിറ്റീസ്' എന്ന് ഇവിടെ വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ജാർഖണ്ഡിലെ സിംഗ്ഭും മേഖലയിലെ ആദിവാസി സമൂഹങ്ങളുടെ ചരിത്രമാണ് പുസ്തകം പ്രധാനമായും പരിശോധിക്കുന്നത്. കൊളോണിയൽ ഭരണത്തെ ചെറുത്ത് തോൽപ്പിച്ച ആദിവാസികളെല്ലാം ഒരൊറ്റ ഏകീകൃത ശക്തിയാണെന്ന പരമ്പരാഗത ധാരണയെ ഈ പുസ്തകം ചോദ്യം ചെയ്യുന്നുണ്ട്. പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയാണ് പുസ്തകത്തിന്റെ ആമുഖം തയ്യാറാക്കിയിരിക്കുന്നത്. സോഷ്യോളജിസ്റ്റ് നന്ദിനി സുന്ദർ ഇതിന്റെ പിൻകുറിപ്പും എഴുതിയിരിക്കുന്നു.
2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് യുഎപിഎ പ്രകാരം ഉമർ ഖാലിദ് ഇപ്പോഴും ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂൺ 27 വരെ വായനക്കാർക്ക് ആമസോൺ വഴി ഈ പുസ്തകത്തിന്റെ കിൻഡിൽ എഡിഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്ത് വായിക്കാവുന്നതാണ്.
Adjust Story Font
16

