ബിസിനസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ചു: മകളെ വിവാഹം കഴിച്ചു കൊടുത്തത് 25 കല്യാണം കഴിച്ച വ്യാജന്; മരുമകനെതിരെ പരാതിയുമായി ബിജെപി എംഎൽഎ
മകൾക്കൊപ്പം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്

ഉത്തർപ്രദേശ്: വ്യാജ വിലാസങ്ങൾ ഉപയോഗിച്ച് മകളെ വഞ്ചിച്ചു വിവാഹം കഴിച്ചതായി ഉത്തർപ്രദേശിലെ സേവതയിൽ നിന്നുള്ള ബിജെപി എംഎൽഎ ഗ്യാൻ തിവാരി. മകൾക്കൊപ്പം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി ഇയാൾ 25ഓളം വിവാഹങ്ങൾ കഴിച്ചതായും നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയതായും എംഎൽഎ പറയുന്നു. സംഭവത്തിൽ മിസ്രിഖിലെ ചന്ദ്രാവൽ സ്വദേശികളായ അനുജ് ത്രിവേദി, മകൻ പ്രഖർ ത്രിവേദി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
2024ലായിരുന്നു എംഎൽഎയുടെ മകൾ പ്രഗ്യയും പ്രഖർ ത്രിവേദിയും തമ്മിലുള്ള വിവാഹം. വിവാഹ നിശ്ചയ സമയത്ത് താൻ മുംബൈയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയാണെന്നായിരുന്നു ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ 25 ഓളം വിവാഹം കഴിച്ചതും മറ്റു ക്രിമിനൽ കേസുകളും മറച്ചുവെച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് മുമ്പ് ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടര വർഷത്തിന് ശേഷം സോഷ്യൽ മീഡിയ വഴിയാണ് ഇയാളുടെ തട്ടിപ്പ് വിവരങ്ങൾ അറിഞ്ഞതെന്നും എംഎൽഎ വീഡിയോയിൽ പറയുന്നു.
വ്യാജ പേരുകൾ ഉപയോഗിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ നിരവധി സ്ത്രീകളിൽ നിന്ന് കോടിക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായുള്ള എല്ലാ ബന്ധവും മകൾ നിലവിൽ അവസാനിപ്പിച്ചതായും മകളെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതായും ഈ സംഭവം തന്റെ സാമൂഹിക പ്രതിച്ഛായയെ ബാധിച്ചതായും എംഎൽഎ പറയുന്നു.
Adjust Story Font
16

