Quantcast

അഖിലേഷ് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല; യോഗിയെ അയോധ്യയില്‍?

ക്ഷേത്രനിര്‍മാണം നടക്കുന്നതിനാല്‍ അയോധ്യയില്‍ യോഗി മത്സരിച്ചാല്‍ ഹൈന്ദവ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ

MediaOne Logo

Web Desk

  • Updated:

    2022-01-13 01:19:40.0

Published:

13 Jan 2022 1:13 AM GMT

അഖിലേഷ് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല; യോഗിയെ അയോധ്യയില്‍?
X

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ മത്സരിക്കാനുള്ള സന്നദ്ധത ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതായി സൂചന. രാമക്ഷേത്ര നിര്‍മാണം നടക്കുന്നതിനാല്‍ യോഗി അയോധ്യയില്‍ മത്സരിച്ചാല്‍ യു.പിയില്‍ വലിയ മുന്‍തൂക്കമുണ്ടാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതേസമയം യു.പിയില്‍ ബി.ജെ.പിയെ പൂട്ടാന്‍ സകല അടവുകളും സമാജ്‍വാദി പാര്‍ട്ടി പയറ്റുന്നുണ്ട്.

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഗോരഖ്പുരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു യോഗി ആദിത്യനാഥ്. തുടര്‍ന്ന് മുഖ്യമന്ത്രിയായ ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പകരം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായാണ് യോഗി നിയമസഭയില്‍ തുടര്‍ന്നത്. ഗോരഖ്പുരാണ് യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകം. കിഴക്കന്‍ യു.പിയില്‍ വേരോട്ടമുള്ള നേതാവുമാണ് യോഗി. ഗോരഖ്പുരിന് പുറമേ മഥുരയും അദ്ദേഹത്തിന്റെ പേരില്‍ പറഞ്ഞുകേട്ടിരുന്നു.

എന്നാല്‍ ഇത്തവണ യോഗി അയോധ്യയില്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ക്ഷേത്രനിര്‍മാണം നടക്കുന്ന പശ്ചാത്തലത്തില്‍ അയോധ്യയില്‍ യോഗി മത്സരിച്ചാല്‍ ഹൈന്ദവ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിലാകും അന്തിമ തീരുമാനം ഉണ്ടാവുക.

ബി.ജെ.പിയുടെ പ്രധാന എതിരാളിയായ സമാജ്‍വാദി പാര്‍ട്ടിയുടെ നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാനമുടനീളം എസ്.പിയുടെ പ്രചരണം നയിക്കുന്നത് അഖിലേഷാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് എസ്.പി വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക പ്രതിഷേധവും കോവിഡ് പ്രതിരോധത്തിലെ സര്‍ക്കാരിന്‍റെ വീഴ്ചയും ഉയര്‍ത്തിയാണ് യു.പിയിലെ സമാജ്‍വാദി പാര്‍ട്ടിയുടെ പ്രചാരണം. സഖ്യത്തിനില്ലെന്ന് മായാവതിയുടെ ബി.എസ്.പിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകുമോ എന്ന ആശങ്ക രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്.

TAGS :

Next Story