പൊതുജനങ്ങൾക്ക് വെള്ളമെടുക്കാനുള്ള ഹാൻഡ് പമ്പ് റോഡിന് നടുവിൽ; ഉത്തർപ്രദേശിലെ റോഡ് നിർമാണം ചർച്ചയാകുന്നു
'വാഹനത്തിന്റെ എഞ്ചിൻ ചൂടായാൽ വെള്ളമെടുക്കാൻ യുപി സർക്കാർ നൽകിയ പ്രത്യേക സൗകര്യമാണിത്' എന്നായിരുന്നു ഒരാളുടെ പരിഹാസം

- Published:
18 March 2026 6:01 PM IST

മിർസാപൂർ: ഉത്തർപ്രദേശിലെ മിർസാപൂരിൽ നടുവിലുള്ള ഹാൻഡ് പമ്പ് മാറ്റാതെ റോഡ് നിർമിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. നിർമാണത്തിലെ ഈ അസ്വാഭാവികത സുരക്ഷാ വീഴ്ചയെക്കുറിച്ചും ആസൂത്രണമില്ലായ്മയെ കുറിച്ചുമുള്ള ചർച്ചകളാണ് ഉയർത്തുന്നത്.
വിന്ധ്യാചൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാന്തിത് മേഖലയിലാണ് ഈ ഹാൻഡ് പമ്പ് സ്ഥിതി ചെയ്യുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് മുന്നോടിയായി വളരെ വേഗത്തിലാണ് ഈ റോഡ് നിർമിച്ചത്. തിരക്കിനിടയിൽ സുരക്ഷാ പരിശോധനകൾ നടത്താനോ റോഡിലുള്ള ഹാൻഡ് പമ്പ് നീക്കം ചെയ്യാനോ അധികൃതർ തയ്യാറായില്ല. റോഡിന് നടുവിലൂടെ വാഹനങ്ങൾ ഈ കൈപമ്പിനെ ചുറ്റിപ്പോകുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോ പുറത്തുവന്നതോടെ പരിഹാസവും വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. 'വികസിത ഭാരതത്തിലെ എട്ടാം അത്ഭുതമാണോ ഇത്?' എന്ന് ഒരാൾ ചോദിച്ചപ്പോൾ, 'ആദ്യം പണിയുക, പിന്നീട് ചിന്തിക്കുക - ഇതാണ് രീതി' എന്ന് മറ്റൊരാൾ കുറിച്ചു. 'വാഹനത്തിന്റെ എഞ്ചിൻ ചൂടായാൽ വെള്ളമെടുക്കാൻ യുപി സർക്കാർ നൽകിയ പ്രത്യേക സൗകര്യമാണിത്' എന്നായിരുന്നു ഒരാളുടെ പരിഹാസം.
'ഇത് മോശം ആസൂത്രണമല്ല, മറിച്ച് മൾട്ടി പർപ്പസ് ഇൻഫ്രാസ്ട്രക്ചറാണ്, വണ്ടി ഓടിക്കുക, നിർത്തുക, വെള്ളമടിക്കുക, വീണ്ടും തുടരുക' എന്നും കമന്റുകൾ വന്നു. 'ഗദർ' സിനിമയിലെ സണ്ണി ഡിയോളിന്റെ പ്രശസ്തമായ ഹാൻഡ് പമ്പ് രംഗം ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹത്തെ വിളിക്കാനുള്ള സമയമായെന്നും ചിലർ തമാശരൂപേണ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പാണ് റോഡ് പണിതതെന്ന് നാട്ടുകാർ പറയുന്നു. ഏപ്രിൽ 19 മുതൽ വിന്ധ്യാചലിലെ മാ വിന്ധ്യവാസിനി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ നടക്കാനിരിക്കുകയാണ്. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ഈ സമയത്ത് റോഡ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിർമാണം നടന്നത്. എന്നാൽ റോഡിന് നടുവിലെ ഈ പമ്പ് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് പ്രദേശവാസികളുടെ പരാതി.
In UP's Mirzapur, a handpump stands in the middle of a busy road which was constructed recently. On this poorly lit stretch, accident is imminent, claim locals. pic.twitter.com/lJkjySLU4A
— Piyush Rai (@Benarasiyaa) March 18, 2026
Adjust Story Font
16
