Quantcast

നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ കുത്തിക്കൊന്നു; യുവതിയും സഹായിയും അറസ്റ്റിൽ

സുഹൃത്തിന്‍റെ ഭർത്താവിനെ കൂട്ടിയായിരുന്നു 20കാരി ബന്ധുവിനെ കുത്തിക്കൊന്നത്

MediaOne Logo

Web Desk

  • Published:

    17 July 2023 9:31 AM GMT

young woman kills relative who repeatedly raped her, Malayalam national news, rape case, murder, Shastri Park, New Delhi
X

ന്യൂഡല്‍ഹി: നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി യുവതി. സുഹൃത്തിന്റെ ഭർത്താവിനെ കൂട്ടിയായിരുന്നു കൊലപാതകം. സംഭവത്തിൽ ഉത്തർപ്രദേശിലെ ബദാവൂൻ സ്വദേശിയായ 20കാരിയെയും സഹായി ഇർഫാനെ(36)യും പൊലീസ് അറസ്റ്റ് ചെയ്തു.

യു.പിയിലെ കാസ്ഗഞ്ച് സ്വദേശിയായ അബൂജർ(20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുമുൻപ് അബൂജർ യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. അബൂജറും യുവതിയുടെ ഭർത്താവും ബന്ധുക്കളാണ്. കഴിഞ്ഞ ജനുവരിയിൽ ഭർത്താവ് അസുഖബാധിതനായി മരിച്ചിരുന്നു. ഇതിനുശേഷം ലൈംഗികചൂഷണം കൂടി.

ഇതോടെ അബൂജറിൽനിന്ന് രക്ഷപ്പെടാനായി ഉറ്റസുഹൃത്തിന്റെ ഭർത്താവായ ഇർഫാനോട് സഹായം തേടുകയായിരുന്നു. 20കാരനെ കൊന്ന് പകവീട്ടാനായിരുന്നു യുവതിയുടെ പദ്ധതി. ഇതോടെ ശല്യം ഒഴിവാകുമെന്നും അവർ കരുതി. ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഇർഫാൻ അംഗീകരിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിലെ ശാസ്ത്രിപാർക്കിലുള്ള ഡി.ഡി.എ ഹൗസിങ് സൊസൈറ്റിയിലാണ് ഇർഫാനും കുടുംബവും കഴിയുന്നത്.

കഴിഞ്ഞ ദിവസം ശാസ്ത്രി പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബേല ഫാമിൽ അബൂജറിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്താകുന്നത്. കഴുത്തിലും വയറിലുമടക്കം മാരകമായ മുറിവുകളോടെ വിവസ്ത്രനായി കിടക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്ന് പരിസരത്തെ 20ഓളം സി.സി.ടി.വി കാമറകൾ പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നാലെ പ്രതികളെ പിടികൂടുകയും ചെയ്തു.

ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവദിവസം യമുനാ നദി കാണാമെന്ന് പറഞ്ഞ് യുവതി അബൂജറിനെ ബേല ഫാമിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് ഇർഫാൻ നേരത്തെ എത്തിയിരുന്നു. ഇതിനുശേഷമാണ് അബൂജറുമായി യുവതി എത്തിയത്. പിന്നാലെ ഇരുവരും ചേർന്ന് അബൂജറിനെ ബലംപ്രയോഗിച്ചു പിടിച്ചുവയ്ക്കുകയും കത്തി ഉപയോഗിച്ച് വയറിലും കഴുത്തിലും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം സമീപത്തുതന്നെ തള്ളി രക്ഷപ്പെടുകയും ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച കത്തി സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

Summary: UP woman seeks revenge, kills relative in Delhi who repeatedly raped her

TAGS :

Next Story