മുസ്തഫാബാദ് ഇനി കബീർധാം എന്ന് അറിയപ്പെടും; വീണ്ടും സ്ഥലപ്പേര് മാറ്റവുമായി യോഗി സർക്കാർ
മുസ്‌ലിം ജനസംഖ്യ ഇല്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേര് നൽകിയതിൽ അത്ഭുതപ്പെട്ടുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും സ്ഥലപ്പേര് മാറ്റി യോഗി സര്‍ക്കാര്‍. മുസ്തഫാബാദ് എന്ന സ്ഥലം ഇനി മുതല്‍ കബീര്‍ധാം എന്നാണ് അറിയപ്പെടുക. സ്മൃതി മഹോത്സവ് മേള 2025ൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് മാറ്റ പ്രഖ്യാപനം.
മുസ്‌ലിം ജനസംഖ്യ ഇല്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേര് നൽകിയതിൽ താൻ അത്ഭുതപ്പെട്ടുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സന്ത് കബീറുമായി ബന്ധപ്പെട്ടതാണ് സ്ഥലത്തിന്റെ ചരിത്രം. അതിനാല്‍ ചരിത്രപരവും സാംസ്‌കാരികവുമായ സ്വത്വം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണ് പുതിയ മാറ്റമെന്നായിരുന്നു പേര് മാറ്റത്തിലെ വിശദീകരണം.
യുപിയിൽ ബിജെപി സർക്കാർ സ്ഥലപ്പേരുകൾ മാറ്റുന്നത് ഇതാദ്യമല്ല. മുന്നേ ഭരിച്ചിരുന്നവര്‍ പ്രയാഗ്‌രാജിനെ അലഹാബാദ് എന്നും അയോധ്യയെ ഫൈസാബാദ് എന്നും കബീര്‍ധാമിനെ മുസ്തഫാബാദ് എന്നും പുനര്‍നാമകരണം ചെയ്തു. ഞങ്ങളുടെ സര്‍ക്കാര്‍ ഇതെല്ലാം പഴയത് പോലെയാക്കുകയാണ്. ഗ്രാമത്തിന്റെ പേര് മാറ്റുന്നതിന് ഔപചാരികമായി നിർദേശം നൽകുമെന്നും ആവശ്യമായ ഭരണപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും യോഗി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് സെൻട്രൽ റെയിൽവേ മാറ്റിയത്. ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷൻ എന്നാണ് ഇത് പുനർനാമകരണം ചെയ്തത്. ഇതുസംബന്ധിച്ച് സെൻട്രൽ റെയിൽവേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ തന്നെ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ റെയിൽവേ സ്റ്റേഷന്റെ പേര് ഛത്രപതി സംഭാജി നഗർ എന്നുമാറ്റുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ഔറംഗാബാദ് നഗരത്തിന്റെ പേര് ഔദ്യോഗികമായി ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്ത് മൂന്നുവർഷത്തിന് ശേഷമാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയത്.
Adjust Story Font
16

