Quantcast

ഉത്തരാഖണ്ഡിൽ മദ്രസാ ബോർഡ് പിരിച്ചുവിടുന്നു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

എല്ലാ വിദ്യാർഥികൾക്കും ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-04-20 04:58:44.0

Published:

20 April 2026 10:21 AM IST

ഉത്തരാഖണ്ഡിൽ മദ്രസാ ബോർഡ് പിരിച്ചുവിടുന്നു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
X

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മദ്രസാ ബോർഡ് നിർത്തലാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. 2026 ജൂലൈ മുതൽ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് ബോർഡ് സിലബസ് പിന്തുടരണമെന്നും അദ്ദേഹം ഉത്തരവിട്ടു. ഹരിദ്വാറിൽ നടന്ന ഒരു ചടങ്ങിലാണ് സുപ്രധാന പ്രഖ്യാപനം.

എല്ലാ വിദ്യാർഥികൾക്കും ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ധാമി പറഞ്ഞു. സംസ്ഥാന ബോർഡ് സിലബസ് നടപ്പിലാക്കാത്ത മദ്രസകൾ അടച്ചുപൂട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ''വർഷങ്ങളായി പ്രവർത്തിക്കുന്ന മദ്രസ ബോർഡ് പിരിച്ചുവിടാൻ ഞങ്ങൾ തീരുമാനിച്ചു. 2026 ജൂലൈ മുതൽ എല്ലാ മദ്രസകളിലും ഉത്തരാഖണ്ഡ് എജ്യൂക്കേഷൻ ബോർഡ് നിർദേശിക്കുന്ന പാഠ്യപദ്ധതി പഠിപ്പിക്കണം''- ധാമി പറഞ്ഞു.

മദ്രസാ ബോർഡ് പിരിച്ചുവിടാനുള്ള തീരുമാനത്തെ ഹിന്ദു സംഘടനാ നേതാക്കൾ സ്വാഗതം ചെയ്തു. മദ്രസകളിൽ ഇനി മതപഠനത്തിനൊപ്പം സയൻസ്, മാത്തമാറ്റിക്‌സ്, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സഹായിക്കുമെന്ന് സ്വാമി ചിദാനന്ദ് മുനി പറഞ്ഞു. അതേസമയം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ 'ദേവഭൂമി'കളിൽ മറ്റു മതസ്ഥരുടെ സാന്നിധ്യം നിയന്ത്രിക്കണമെന്ന തരത്തിലുള്ള പ്രസ്താവനകളും ചടങ്ങിൽ ഉയർന്നു.

മദ്രസകൾ വിവിധ രൂപത്തിലുള്ള ജിഹാദുമായി ബന്ധപ്പെട്ടതാണെന്നും രാജ്യത്തെ മുഴുവൻ മദ്രസകളും അടച്ചുപൂട്ടണമെന്നും അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്രപുരി ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് തുടങ്ങിയ 'ദേവഭൂമി' സംസ്ഥാനങ്ങളിൽ മറ്റ് മതസ്ഥരുടെ സാന്നിധ്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ചടങ്ങിൽ പങ്കെടുത്ത സന്യാസിമാർ ആവശ്യപ്പെട്ടു. 'ദെവങ്ങളുടെ ഈ നാട്ടിൽ മദ്രസകളുടെ ആവശ്യമില്ല. ഉത്തരാഖണ്ഡും ഹിമാചലും ദൈവിക ശക്തികളാൽ സംരക്ഷിക്കപ്പെടുന്ന ദേവഭൂമിയാണ്. മറ്റ് മതങ്ങളിൽപ്പെട്ടവരെ ഇവിടെ അനുവദിക്കരുതെന്ന് ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി കൈലാസാനന്ദ് ഗിരി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടോ ചടങ്ങിൽ ഉയർന്ന പരാമർശങ്ങളോടോ പ്രതിപക്ഷ പാർട്ടികളോ മുസ്‌ലിം സംഘടനകളോ നിലവിൽ പ്രതികരിച്ചിട്ടില്ല. മദ്രസാ ബോർഡ് നിർത്തലാക്കുന്നതിനെതിരെ മുസ്‌ലിം സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു. മദ്രസാ ബോർഡ് നിർത്തലാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അംഗം മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ താത്പര്യമാണ് സർക്കാരിന് പ്രധാനമെങ്കിൽ നിലവിലുള്ള ബോർഡ് വഴിയും പരിഷ്‌കാരങ്ങൾ കൊണ്ടുവരാമായിരുന്നു എന്ന് മുസ്‌ലിം ജമാഅത്ത് ദേശീയ അധ്യക്ഷൻ മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി അഭിപ്രായപ്പെട്ടു. ഈ വർഷം ജൂലൈ മുതൽ മദ്രസ ബോർഡ് നിർത്തലാക്കാനുള്ള തീരുമാനം ഉത്തരാഖണ്ഡിൽ പ്രാബല്യത്തിൽ വരും.

TAGS :

Next Story