തമിഴ്‌നാട്ടില്‍ വിജയ് ഭരിക്കേണ്ട; പുതിയ സാധ്യത മുന്നോട്ടുവെച്ച് വ്യവസായി
നിലവിലുള്ള പാര്‍ട്ടികള്‍ക്കൊപ്പം ആളുകളെ കൂട്ടിച്ചേര്‍ക്കരുത്. കൂട്ടുകക്ഷി സര്‍ക്കാര്‍ എന്തായാലും അസ്ഥിരമായിരിക്കും. നിരവധി സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടി വരും. തമിഴ്‌നാട് കുറച്ചുകൂടി നല്ലത് അര്‍ഹിക്കുന്നുണ്ട്

ചെന്നൈ: അനിശ്ചിതത്വത്തിലൂടെയാണ് തമിഴ്‌നാട് രാഷ്ട്രീയം ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. 108 അംഗങ്ങളുടെ പിന്തുണയോടെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ അവര്‍ക്ക് ഭരിക്കാന്‍ കഴിയുന്ന സാഹചര്യമില്ല. 118 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
ഇതിന് പിന്നാലെ ചൂടുപിടിച്ച ചര്‍ച്ചകളാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മതേതര പാര്‍ട്ടികളെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, ചര്‍ച്ചകളില്‍ അന്തിമ തീരുമാനമായിട്ടില്ല.
എന്നാല്‍, തമിഴ്‌നാട്ടിന് മുന്നില്‍ പുതിയൊരു സാധ്യത മുന്നോട്ടുവെച്ചിരിക്കുകയാണ് വ്യവസായിയും സോഹോ സ്ഥാപകനുമായ ശ്രീധര്‍ വെമ്പു.
നിലവിലുള്ള പാര്‍ട്ടികള്‍ക്കൊപ്പം ആളുകളെ കൂട്ടിച്ചേര്‍ക്കരുത്. കൂട്ടുകക്ഷി സര്‍ക്കാര്‍ എന്തായാലും അസ്ഥിരമായിരിക്കും. നിരവധി സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടി വരും. തമിഴ്‌നാട് കുറച്ചുകൂടി നല്ലത് അര്‍ഹിക്കുന്നുണ്ട്. പ്രസിഡന്റ് ഭരണവും പുതിയ തെരഞ്ഞെടുപ്പാണ് തമിഴ്‌നാടിന് മുന്നിലുള്ള ഏറ്റവും നല്ല വഴി.
പണമൊഴുക്കില്ലാത്ത ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ യഥാര്‍ഥ ജനവിധി അറിയാം. തെരഞ്ഞെടുപ്പില്‍ ടിവികെക്ക് കേവലം ഭൂരിപക്ഷം നേടി അധികാരത്തിലേക്ക് എത്താം. ഡിഎംകെക്കും എഐഎഡിഎംകെക്കും അവരെ തടയണമെങ്കില്‍ ഒരുമിച്ച് നിന്ന് പോരാടട്ടെ. ഒരു സീറ്റ് നേടിയ ബിജെപിക്ക് നില മെച്ചപ്പെടുത്താനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങളുമായി മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തി. തമിഴക വെട്രി കഴകം നേതാവ് വിജയ് സർക്കാർ രൂപീകരിക്കട്ടെയെന്നും, പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളെ ആറ് മാസത്തേക്ക് തങ്ങൾ തടസപ്പെടുത്തില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി
സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധിയോ ഉടനടി മറ്റൊരു തെരഞ്ഞെടുപ്പോ ഉണ്ടാകാൻ ഡിഎംകെ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിജയ് സർക്കാർ അധികാരമേൽക്കുമ്പോൾ ഡിഎംകെ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിർദേശവും സ്റ്റാലിൻ മുന്നോട്ടുവെച്ചു. സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയും ഗൃഹനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന 'കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ' പദ്ധതിയും മുൻഗണനാക്രമത്തിൽ തന്നെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16

