'അമ്മ ഹിന്ദു, അച്ഛൻ ക്രിസ്ത്യൻ'; മതാതീതമായ ദൈവവിശ്വാസത്തെക്കുറിച്ച് വിജയ്, വൈറലായി പഴയ അഭിമുഖം
'ബീസ്റ്റ്' എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് വിജയ് തന്റെ കുടുംബത്തെക്കുറിച്ചും വിശ്വാസത്തെ കുറിച്ചും സംസാരിച്ചത്.

- Published:
14 May 2026 3:28 PM IST

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തെയും മാതാപിതാക്കളുടെ വിവാഹത്തെയും കുറിച്ചുള്ള പഴയ അഭിമുഖം വീണ്ടും ചർച്ചയാവുകയാണ്. ഒഎസ്ഡിയായി ജോത്സ്യനെ നിയമിക്കുകയും വിമർശനമുയർന്നതിന് പിന്നാലെ തീരുമാനം പിൻവലിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് തന്റെ ഭരണകൂടം മതേതരമായിരിക്കുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചത്. എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്ന തന്റെ നിലപാട് വിജയ് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
'ബീസ്റ്റ്' എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് വിജയ് തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചത്. "എന്റെ അമ്മ ശോഭ ഒരു ഹിന്ദുവും അച്ഛൻ എസ്.എ. ചന്ദ്രശേഖർ ക്രിസ്ത്യനുമാണ്. അവർ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. തന്റെ വളർച്ചയുടെ ഒരു ഘട്ടത്തിലും ഇന്ന സ്ഥലത്ത് പോകണം, പോകരുത് എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾ മാതാപിതാക്കൾ ഏർപ്പെടുത്തിയിട്ടില്ലെന്നും അതേ സ്വാതന്ത്ര്യമാണ് താൻ തന്റെ മക്കൾക്കും നൽകുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.
ദൈവവിശ്വാസത്തെക്കുറിച്ച് വിജയ് അഭിമുഖത്തിൽ പറയുന്നുണ്ട്. താങ്കൾ ഒരു വിശ്വാസിയാണോ എന്ന നെൽസന്റെ ചോദ്യത്തിന് താൻ ഉറച്ച ദൈവവിശ്വാസിയാണെന്നായിരുന്നു വിജയിന്റെ മറുപടി. "പള്ളിയിൽ പോകുന്നത് എനിക്ക് നല്ലൊരു അനുഭൂതിയാണ് നൽകുന്നത്. പള്ളിയിൽ മാത്രമല്ല, പിള്ളയാർപെട്ടി വിനായക ക്ഷേത്രത്തിലും തിരുനള്ളാർ ക്ഷേത്രത്തിലും ഞാൻ പോകാറുണ്ട്. അവിടെ നിന്നെല്ലാം ഒരേ ദിവ്യാനുഭൂതിയാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. 'കത്തി' എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ കടപ്പയിലെ പ്രശസ്തമായ അമീൻപീർ ദർഗ സന്ദർശിച്ച കാര്യവും അദ്ദേഹം അഭിമുഖത്തിൽ ഓർത്തെടുക്കുന്നുണ്ട്. ഏത് ആരാധനാലയത്തിൽ പോയാലും ഒരേപോലെയുള്ള പോസിറ്റീവ് ഊർജ്ജമാണ് തനിക്ക് ലഭിക്കുന്നതെന്നും വിജയ് പറയുന്നു.
ചിത്രീകരണത്തിനിടയിൽ വിജയ് ആരോടും പറയാതെ പള്ളിയിൽ പോയി പ്രാർത്ഥിച്ച അനുഭവം നെൽസൺ അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് വിജയ് നേടിയത്.
Adjust Story Font
16
