Quantcast

ഹരിയാനയിലെ വോട്ട് കൊള്ള; കോൺഗ്രസ് സമർപ്പിച്ച ഹരജികൾക്ക് എന്ത് സംഭവിച്ചു?

കഴിഞ്ഞ വർഷം ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ വോട്ടെടുപ്പിലെ ക്രമക്കേടുകൾ ഉന്നയിച്ച് കോൺഗ്രസ് നേതാക്കൾ ഹരജികൾ സമർപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    5 Nov 2025 8:55 PM IST

ഹരിയാനയിലെ വോട്ട് കൊള്ള; കോൺഗ്രസ് സമർപ്പിച്ച ഹരജികൾക്ക് എന്ത് സംഭവിച്ചു?
X

ന്യൂഡൽഹി: ഹരിയാനയിലെ വോട്ടുക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പുറത്തുവിട്ടിരുന്നു. ബ്രസീലിയൻ മോഡലിന്‍റേതുൾപ്പെടെ വ്യാജ ചിത്രങ്ങളും മേൽവിലാസങ്ങളും ഉപയോഗിച്ചാണ് വോട്ട് കൊള്ള നടന്നത്. ഹരിയാനയിൽ പോൾ ചെയ്ത വോട്ടുകളിൽ എട്ടിലൊന്ന് വ്യാജമാണ്. ഇത്തരത്തിൽ 25 ലക്ഷം കള്ളവോട്ടുകളാണ് ചെയ്തത്. 2024ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ഭരണകക്ഷിയായ ബിജെപിയും കൃത്രിമം കാണിച്ചുവെന്നാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ വോട്ടെടുപ്പിലെ ക്രമക്കേടുകൾ ഉന്നയിച്ച് കുറഞ്ഞത് 16 കോൺഗ്രസ് നേതാക്കളെങ്കിലും ഹരജികൾ സമർപ്പിച്ചിരുന്നു. ഉച്ചന കലൻ സീറ്റിൽ മുൻ എംപി ബ്രിജേന്ദ്ര സിംഗ് ബിജെപിയുടെ ദേവേന്ദർ ചതർ ഭുജ് അത്രിയോട് 32 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഹോഡലിൽ അന്നത്തെ ഹരിയാന കോൺഗ്രസ് മേധാവി ഉദയ് ഭാൻ ബിജെപിയുടെ ഹരീന്ദർ സിംഗിനോട് 2,595 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ബദ്ഖലിൽ വിജയ് പ്രതാപ് സിംഗ് ബിജെപിയുടെ ധനേഷ് അദ്ലാഖയോട് 6,181 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇങ്ങനെ നേരിയ മാർജിനിൽ ഫലമുള്ള നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) കൃത്രിമം കാണിച്ചതായും, ഭരണകക്ഷിയായ ബിജെപി യന്ത്രങ്ങൾ ദുരുപയോഗം ചെയ്തതായും കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ചിലർ മത്സരിച്ച സീറ്റുകളിൽ വീണ്ടും വോട്ടെണ്ണൽ പോലും ആവശ്യപ്പെട്ടിരുന്നു. കർണാൽ, റെവാരി, പാനിപ്പത്ത് സിറ്റി, കൽക്ക, നാർനോൾ എന്നിവിടങ്ങളിൽ നിന്ന് പരാജയപ്പെട്ട കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേർ പരാതി നൽകിയിരുന്നു. 610 മുതൽ 35,672 വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പാർട്ടി ഈ മണ്ഡലങ്ങളിൽ പരാജയപ്പെട്ടത്. ഒരു മണ്ഡലം ഒഴികെ ബാക്കിയെല്ലാം ബിജെപിയാണ് വിജയിച്ചത്.

വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ട് ബ്രിജേന്ദ്ര സിംഗ് ഹരിയാന ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സുപ്രിം കോടതിയെ സമീപിച്ചു. ഈ വർഷം സെപ്റ്റംബറിൽ, ജസ്റ്റിസുമാരായ എം.എം സുന്ദരേഷും സതീഷ് ചന്ദ്രയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹർജിയിൽ ഉത്തരവുകൾ പുറപ്പെടുവിച്ചു. കേസ് 2026 ജനുവരി 19ന് സുപ്രിം കോടതിയിൽ വാദം കേൾക്കും.

'ഹരിയാന കോൺഗ്രസ് നേതാക്കൾ സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹരജികളിൽ ഇവിഎം കൃത്രിമം, വോട്ടെണ്ണൽ തുടങ്ങിയ കാര്യങ്ങൾ വ്യാപകമായി ആരോപിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇന്ന് ഉന്നയിച്ച കാര്യങ്ങൾ വോട്ടുക്കൊള്ളയുടെ ഫോറൻസിക് വിശദാംശങ്ങളാണ്. സത്യം പറഞ്ഞാൽ ബിജെപി നടത്തിയ ഈ കൃത്രിമത്വം എത്രത്തോളം പ്രകടമായിരുന്നു എന്നതിനെക്കുറിച്ച് ഹരിയാന കോൺഗ്രസ് നേതാക്കൾക്ക് പോലും അറിയില്ലായിരുന്നു.' അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിലെ ഒരു മുതിർന്ന നേതാവ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

TAGS :

Next Story