Quantcast

തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യം; സംഘ്പരിവാർ രാജ്യത്ത് വിഷം പരത്തുന്നു, ബിജെപി സർക്കാർ അക്രമികൾക്ക് കുടപിടിക്കുന്നു: രാഹുൽ ​ഗാന്ധി

'സഹോദരാ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഭയപ്പെടേണ്ട. ‌നീ ഒരു സിംഹമാണ്'- രാഹുൽ പറഞ്ഞു.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-02-01 17:23:15.0

Published:

1 Feb 2026 10:15 PM IST

We need more Deepaks those who do not bow down Says Rahul Gandhi
X

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കടയുടെ പേര് മാറ്റാനാവശ്യപ്പെട്ട് മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ ജിം ഉടമ ദീപക് കുമാറിനെ പ്രശംസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ദീപക് ഇന്ത്യയുടെ ഹീറോയാണ്. ഭയപ്പെടാത്ത, തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യമെന്നും സംഘ്പരിവാർ രാജ്യത്തെ വിഷലിപ്തമാക്കുകയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ദീപക്കിന്റെ ചിത്രം പങ്കുവച്ച് എക്സിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

ബിജെപിയും സംഘ്പരിവാറും ചവിട്ടിമെതിക്കാൻ ഗൂഢാലോചന നടത്തുന്ന ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും വേണ്ടി പോരാടുകയാണ് ദീപക്. വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് അദ്ദേഹം. അതാണ് ബിജെപി സർക്കാരിനെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതെന്നും രാഹുൽ പറഞ്ഞു. പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സാമൂഹികവിരുദ്ധ ശക്തികളെ ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ പരസ്യമായി പിന്തുണയ്ക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

'ഇന്ത്യ വിഭജിക്കപ്പെട്ട നിലയിൽ തുടരാനും ഭയം നിറച്ച് ചിലർക്കു മാത്രം ഭരണം തുടരാനും സംഘ്പരിവാർ മനഃപൂർവം രാജ്യമെമ്പാടും സാമ്പത്തികവും സാമൂഹികവുമായ വിഷം പരത്തുകയാണ്. വെറുപ്പിന്റെയും ഭയത്തിന്റെയും അരാജകത്വത്തിന്റേയും അന്തരീക്ഷത്തിൽ ഒരു രാജ്യത്തിനും പുരോഗമിക്കാൻ കഴിയില്ല. സമാധാനമില്ലെങ്കിൽ വികസനം വെറും മുദ്രാവാക്യം മാത്രമാണ്'.

'നമുക്ക് കൂടുതൽ ദീപക്കുമാരെ ആവശ്യമുണ്ട്. അവർ തലകുനിക്കില്ല, ഭയപ്പെടില്ല. ഭരണഘടനയ്‌ക്കൊപ്പം പൂർണ ശക്തിയോടെ നിൽക്കും. സഹോദരാ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഭയപ്പെടേണ്ട. ‌നീ ഒരു സിംഹമാണ്'- രാഹുൽ കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ജനുവരി 26നായിരുന്നു സംഭവം. 70കാരനായ വകീല്‍ അഹ്മദ് എന്ന കച്ചവടക്കാരന്റെ ബാബാ സ്‌കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിങ്ങ് സെന്റര്‍ എന്ന കടയുടെ പേരിലെ 'ബാബാ' എന്ന വാക്ക് മാറ്റണമെന്നായിരുന്നു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം. ബാബാ എന്ന വാക്ക് മുസ്‌ലിംകള്‍ ഉപയോഗിക്കേണ്ടതല്ലെന്നായിരുന്നു ഹിന്ദുത്വവാദികളുടെ വാദം.

ഇക്കാര്യം പറഞ്ഞ് കടയിലെത്തിയ അക്രമികൾ അഹമ്മദിനെ ഭീഷണിപ്പെടുത്തി. ഈ സമയത്ത് തൊട്ടടുത്ത കടയിലുണ്ടായിരുന്ന ദീപക് ഇടപെടുകയും ബജ്റംഗ് ​ദള്‍ പ്രവര്‍ത്തകരെ നേരിടുകയുമായിരുന്നു. ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ രണ്ടാംകിട പൗരന്മാരാണോയെന്നും 30 വര്‍ഷത്തിലേറെയായി ഇവിടെ തുടരുന്ന കടയുടെ പേര് എന്തിന് മാറ്റണമെന്നും ദീപക് ചോദിച്ചു. പേരാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, ഇനി ആര്‍ക്കാണ് പ്രശ്നം എന്നുകൂടി ദീപക് ചോദിച്ചു. പിന്നാലെ ഏതാനും പേര്‍ ദീപക്കിന്റെ ഭാഗത്തും ചേര്‍ന്നു. ഇതോടെ, ബജ്റംഗ്ദളുകാര്‍ പിന്തിരിയുകയായിരുന്നു.

എന്നാൽ, ദീപക്കിനെ വെറുതിവിടാൻ ഹിന്ദുത്വവാദികൾ തയാറായില്ല. ദീപക് കുമാറിന് നേരെ ഭീഷണി മുഴക്കിയ അവർ, വീട് ആക്രമിക്കാനും ശ്രമിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെ ദീപക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോട്ദ്വാറിലെ ദീപക്കിന്റെ വീടിന് മുന്നിലെത്താനും 'ഒരു പാഠം പഠിപ്പിക്കാനും' ബജ്‌റംഗ് ദള്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ആക്രമണ സാധ്യതയുണ്ടെന്ന് ദീപക് പൊലീസിനെ വിവരം അറിയിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നിങ്ങളായിരിക്കുമെന്നും അധികൃതരെ അറിയിച്ചു.

തൊട്ടടുത്ത ദിവസം രാവിലെ ഒരുകൂട്ടം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ദീപക്കിന്റെ വീടിനു മുന്നിലെത്തി. മുദ്രാവാക്യം വിളിച്ചും ദീപക്കിനെയും വീട്ടുകാരെയും അധിക്ഷേപിച്ചും ഇവര്‍ ഏഴ് മണിക്കൂറോളം വീടിന് മുന്നില്‍ തുടര്‍ന്നു. അവര്‍ തന്റെ അമ്മയെയും സഹോദരിയേയും കുടുംബത്തെയാകെയും അധിക്ഷേപിച്ചു. എന്നാല്‍, അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് ദീപക് പറയുന്നു. രണ്ട് മണിക്കൂറോളം പൊലീസ് തന്നെ ഒരു സെല്ലില്‍ അടച്ചതായും അദ്ദേഹം പറഞ്ഞു. സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ഒരുകൂട്ടം ആളുകള്‍ വരുമ്പോള്‍ തന്നെ ഉള്ളിലിടുകയാണോ വേണ്ടതെന്ന് ദീപക് ചോദിച്ചു.

TAGS :

Next Story