Quantcast

'മകളുടെ വരുമാനം കൊണ്ട് ജീവിക്കുന്നതിനെ ബന്ധുക്കൾ പരിഹസിച്ചു, അഭിമാനം വ്രണപ്പെട്ടു'; ടെന്നിസ് താരത്തെ കൊലപ്പെടുത്തിയ പിതാവിന്റെ മൊഴി പുറത്ത്

മത്സരവിജയങ്ങൾക്ക് ശേഷം അച്ഛനോടൊപ്പം നൃത്തം ചെയ്യുന്ന നിരവധി റീലുകളും രാധിക സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    11 July 2025 10:58 AM IST

Radhika Yadav, murder,Tennis academy dispute,tennis playermurder,latest malayalam news,india,crime,ടെന്നിസ് അക്കാദമി,രാധിക യാദവ്
X

ഗുരുഗ്രാം: ഹരിയാനയിലെ ടെന്നീസ് താരമായ രാധിക യാദവ് (25) കഴിഞ്ഞദിവസമാണ് പിതാവിന്റെ വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെ ഗുരുഗ്രാമിലെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. സംഭവത്തിൽ രാധികയുടെ പിതാവ് ദീപക് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകൾ ടെന്നീസ് അക്കാദമി നടത്തുന്നതിൽ തനിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

'മകളുടെ ടെന്നീസ് അക്കാദമിയിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്നതിൽ തന്നെ ബന്ധുക്കളടക്കമുള്ളവർ പരിഹസിച്ചു. ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും ടെന്നീസ് അക്കാദമി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു'.എന്നാൽ ഈ ആവശ്യം രാധിക നിരസിക്കുകയും ചെയ്തുവെന്നും പിതാവ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

'അക്കാദമി അടച്ചുപൂട്ടണമെന്ന് പ്രതി ആവശ്യപ്പെട്ടു, പക്ഷേ മകൾ വിസമ്മതിച്ചു. ഇതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അയാൾ വെടിവച്ചു കൊല്ലുകയായിരുന്നെന്ന്' അസി. പൊലീസ് കമ്മീഷണർ യശ്വന്ത് യാദവ് പറഞ്ഞു.

മകളുടെ കരിയറിനെയും വരുമാനത്തെയും കുറിച്ചുള്ള സാമൂഹിക വിമർശനം കാരണം കഴിഞ്ഞ 15 ദിവസമായി താൻ വിഷാദരോഗം ബാധിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു. അഭിമാനത്തെ വ്രണപ്പെടുത്തുന്ന അപമാനം സഹിക്കാൻ കഴിയില്ലെന്ന് പ്രതി പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. അതേസമയം, രാധികയുടെ അമ്മ മൊഴി നൽകാൻ വിസമ്മതിച്ചെന്നും എഫ്‌ഐആറിലുണ്ട്.

ഗുരുഗ്രാമിലെ സെക്ടർ 56 പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.ടെന്നീസ് മത്സരവിജയങ്ങൾക്ക് ശേഷം അച്ഛനോടൊപ്പം നൃത്തം ചെയ്യുന്ന നിരവധി റീലുകളും രാധിക സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമത്തിലിട്ട റീലിനെച്ചൊല്ലി രാധികയും പിതാവും തമ്മിൽ തകർക്കമുണ്ടായെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.ഇക്കാര്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

മികച്ച കായിക താരമായിരുന്ന രാധിക സ്‌കോട്ടിഷ് ഹൈ ഇന്റർനാഷണൽ സ്‌കൂളിൽ നിന്നാണ് ബിരുദം നേടിയത്. അടുത്തിടെ തോളിന് പരിക്കേറ്റ അവർ ഫിസിയോതെറാപ്പിക്ക് വിധേയയായിരുന്നു.എന്നിരുന്നാലും അതൊന്നും അക്കാദമി നടത്തുന്നതിനോ അവിടുള്ള കായിക താരങ്ങൾക്ക് പരിശീലനം നൽകുന്നതിനോ ഒരു മുടക്കവും വരുത്തിയിട്ടില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനിൽ 113ാം റാങ്കുള്ള ഡബിൾസ് താരമാണ് രാധിക യാദവ്.

TAGS :

Next Story