Quantcast

'വയനാട് എന്നാണ് കർണാടകയിലായത്?'; കെഎസ്ടിഡിസി പരസ്യത്തിനെതിരെ വിമർശനം

'വയനാട് നിങ്ങളെ കാത്തിരിക്കുന്നു' എന്ന ടാഗ് ലൈനോടെയാണ് കര്‍ണാടക സ്‌റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് ഡിപാര്‍ട്‌മെന്റ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്‌

MediaOne Logo

Web Desk

  • Published:

    30 Oct 2025 4:36 PM IST

വയനാട് എന്നാണ് കർണാടകയിലായത്?; കെഎസ്ടിഡിസി പരസ്യത്തിനെതിരെ വിമർശനം
X

ബംഗളൂരു: സാമൂഹിക മാധ്യമത്തില്‍ വൈറലായി കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് ഡിപാര്‍ട്‌മെന്റ് പങ്കുവച്ച പോസ്റ്റ്. കേരളത്തിലെ വയനാട് ജില്ലയെ പ്രൊമോട്ട് ചെയ്തുകൊണ്ട് പങ്കുവച്ച ടൂറിസ്റ്റ് പാക്കേജാണ് സാമൂഹിക മാധ്യമത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.

'സമാധാനവും ആവേശവും തേടുകയാണോ? രണ്ടും വയനാട്ടില്‍ നിങ്ങള്‍ക്ക് കണ്ടെത്താം. കെഎസ്ടിഡിസിക്കൊപ്പം അതിമനോഹരമായ വനപാതയിലൂടെ ട്രക്ക് ചെയ്യാം, വെള്ളച്ചാട്ടങ്ങളും വന്യതയും കാണാം. പ്രകൃതിയിലേക്കുള്ള ഏറ്റവും മികച്ച ഒളിച്ചോട്ടം നിങ്ങളെ കാത്തിരിക്കുന്നു' എന്നാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ്. വയനാട് നിങ്ങളെ കാത്തിരിക്കുന്നു എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

കര്‍ണാടകയ്ക്ക് പുറത്തുള്ള വിനോദ സഞ്ചാര കേന്ദ്രത്തെ പ്രൊമോട്ട് ചെയ്യുന്നുവെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'നാണക്കേട് തോന്നുന്നു, കര്‍ണാടകയില്‍ എത്രയോ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടായിട്ടും എന്തുകൊണ്ട് അവ പ്രൊമോട്ട് ചെയ്യുന്നില്ല?' എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. 'വയനാട് എപ്പോള്‍ മുതലാണ് കര്‍ണാടകയുടെ ഭാഗമായത്?' എന്ന് മറ്റൊരാള്‍ ചോദിക്കുന്നു.

കര്‍ണാടക ബിജെപി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ആര്‍.അശോക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ആഞ്ഞടിച്ചതോടെ വിവാദം കൂടുതല്‍ രൂക്ഷമായി. 'വയനാടിന്റെ ജില്ലാ കളക്ടര്‍' എന്നതുപൊലെയാണ് സിദ്ധരാമയ്യ പെരുമാറുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്. 'കര്‍ണാടകയിലെ നികുതിദായകരുടെ പത്ത് കോടി രൂപ വയനാട്ടിലേക്ക് നിങ്ങള്‍ മിന്നല്‍ വേഗത്തില്‍ ഒപ്പിട്ടു നല്‍കി. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ കുടുംബത്തിന് നിങ്ങള്‍ 15 ലക്ഷം രൂപ നല്‍കി. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വയനാട്ടില്‍ 100 വീടുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തെ പ്രൊമോട്ട് ചെയ്യാന്‍ കെഎസ്ടിഡിസിയെ ഉപയോഗിക്കുന്നു' എന്നാണ് അശോകയുടെ എക്‌സ് പോസ്റ്റ്.

TAGS :

Next Story