'ആവശ്യമെങ്കില്‍ ഡികെയേയും സിദ്ധരാമയ്യേയും വിളിപ്പിക്കും': കര്‍ണാടക കോണ്‍ഗ്രസ് 'തര്‍ക്കത്തില്‍' മല്ലികാര്‍ജുന്‍ ഖാര്‍ഗെ
തന്റെ ഭാവി സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ഡി.കെ ശിവകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

- Published:
13 Jan 2026 5:19 PM IST

ബംഗളൂരു: കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും ചർച്ചകൾക്കായി ന്യൂഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ.
എപ്പോഴാണോ ആവശ്യം അപ്പോഴായിരിക്കും ഇരുവരെയും വിളിപ്പിക്കുക എന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ ഭാവി സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ഡി.കെ ശിവകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. "ഞാൻ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നല്ല വരുന്നത്, എന്നിട്ടും ഞാൻ ഈ നിലയിലേക്ക് വളർന്നു. പാർട്ടി എന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാഷ്ട്രീയത്തിൽ എനിക്ക് നിരവധി തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്''- ഇങ്ങനെയായിരുന്നു ഡി.കെ ശിവകുമാറിന്റെ വാക്കുകള്‍.
കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ നവംബർ 20ന് രണ്ടര വര്‍ഷം പിന്നിട്ടതോടെയാണ് മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ച സജീവമായത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരമേല്‍ക്കുമ്പോള്‍ രണ്ടര വര്‍ഷം സിദ്ധരാമയ്യയും പിന്നീട് രണ്ടര വര്‍ഷം ഡികെയും മുഖ്യമന്ത്രിയാകും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച വ്യക്തമായ ഉറപ്പൊന്നും ഉണ്ടായിരുന്നില്ല.
അതേസമയം മുഖ്യമന്ത്രിയായി തന്നെ അഞ്ച് വർഷ കാലാവധിയും പൂർത്തിയാക്കുമെന്ന ആത്മവിശ്വാസമാണ് സിദ്ധരാമയ്യ പ്രകടിപ്പിക്കുന്നത്. ഡി ദേവരാജ് ഉർസിന്റെ പേരിലുള്ള റെക്കോർഡ് മറികടന്ന്, സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയെന്ന റെക്കോര്‍ഡും അടുത്തിടെ സിദ്ധരാമയ്യ സ്വന്തമാക്കിയിരുന്നു.
Adjust Story Font
16
