18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിരീടനേട്ടം; അറിയാം ആർസിബിയുടെ യഥാർത്ഥ ഉടമയെ
പഞ്ചാബ് കിങ്സിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ആർസിബി കിരീടനേട്ടത്തിലെത്തിയത്

ബംഗളൂരു: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎൽ കിരീടം നേടിയിരിക്കുകയാണ്. പഞ്ചാബ് കിങ്സിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ആർസിബി കിരീടനേട്ടത്തിലെത്തിയത്.
വിരാട് കോഹ്ലിയെ പോലെ ഐപിഎൽ കന്നി കിരീടത്തിനായി കാത്തിരുന്ന മറ്റൊരാളായിരുന്നു പഞ്ചാബ് കിങ്സ് സഹ ഉടമ പ്രീതി സിന്റ. മത്സരശേഷം വികാരാധീനനായി നിൽക്കുന്ന പ്രീതി സിന്റയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ കിരീടനേട്ടത്തിന് പാന്നാലെ ആർസിബിയുടെ യഥാർത്ഥ ഉടമയെ തിരയുകയാണ് സോഷ്യൽ മീഡിയ.
നടി പ്രീതി സിന്റ പഞ്ചാബ് ടീമിന്റെ സഹ ഉടമയാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ആർസിബിയുടെ യഥാർത്ഥ ഉടമയെക്കുറിച്ച് പലർക്കും അറിയില്ല. 2008ൽ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ തലവനായിരുന്ന വിജയ് മല്യയാണ് ആർസിബി എന്ന ടീം ആരംഭിക്കുന്നത്. 476 കോടി രൂപ നൽകിയാണ് അദ്ദേഹം ആർസിബിയെ അക്കാലത്തെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ടീമാക്കി മാറ്റിയത്. അന്ന് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ (യുഎസ്‌എൽ) ഉടമയായിരുന്നു അദ്ദേഹം.
യുഎസ്‌എല്ലിന് കീഴിലുള്ള മദ്യ ബ്രാൻഡായ റോയൽ ചലഞ്ചിന്റെ പേരിലാണ് ടീമിന് പേര് നൽകിയത്. 2016ൽ നിയമപരമായ തർക്കങ്ങൾക്കിടയിൽ മല്യ യുഎസ്‌എല്ലിൽ നിന്ന് പോയതിനുശേഷം, ഫ്രാഞ്ചൈസിയുടെ പൂർണ്ണ നിയന്ത്രണം യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന് ലഭിച്ചു. നിലവിൽ പ്രതേഷ് മിശ്രയാണ് റോയൽ ചലഞ്ചേഴ്‌സ് സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ. ഡിയാജിയോ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ വുമൺസ് പ്രീമിയർ ലീഗ് കിരീടം നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതാ ടീമിന്റെ ഉടമസ്ഥനും നടത്തിപ്പുകാരനും യുഎസ്‌എൽ ആണ്.
ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ആർസിബിക്കും, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും, ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎൻഎക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്. അതേസമയം പുറത്ത് ആരാധകർ ജീവനായി പിടയുമ്പോള്‍ സ്റ്റേഡിയത്തിൽ വിജയാഘോഷം നടത്തിയ റോയൽ ചാലഞ്ചേഴ്സിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. അപകടത്തിൽ ആർസിബിയും അനുശോചനം രേഖപ്പെടുത്തി.
Adjust Story Font
16

