നീറ്റ് ചോദ്യപേപ്പർ ചോർച്ച: ആരാണ് സിബിഐ അറസ്റ്റ് ചെയ്ത മഹാരാഷ്ട്രയിലെ പ്രമുഖ കോച്ചിങ് ഡയറക്ടർ 'എം സർ'
ചോദ്യപേപ്പർ ചോർച്ചാ കേസിൽ നേരത്തെ അറസ്റ്റിലായ വിരമിച്ച രസതന്ത്രം പ്രൊഫസർ പി.വി കുൽക്കർണിയുമായുള്ള ബന്ധത്തെ തുടർന്നാണ് ശിവരാജ് മൊട്ടേഗാവ്കർ സിബിഐയുടെ അന്വേഷണ പരിധിയിലായത്

- Published:
18 May 2026 3:54 PM IST

ലാത്തൂർ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' ചോദ്യപേപ്പർ ചോർച്ചാ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ കോച്ചിങ് രംഗത്തെ പ്രമുഖനായ ശിവരാജ് മൊട്ടേഗാവ്കറെ സിബിഐ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നീറ്റ്- ജെഇഇ പരീക്ഷാ പരിശീലന മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വവും 'ആർസിസി' കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമായ ഇദ്ദേഹം വിദ്യാർഥികൾക്കിടയിൽ 'എം സർ' എന്നാണ് അറിയപ്പെടുന്നത്.
ചോദ്യപേപ്പർ ചോർച്ചാ കേസിൽ നേരത്തെ അറസ്റ്റിലായ വിരമിച്ച രസതന്ത്രം പ്രൊഫസർ പി.വി കുൽക്കർണിയുമായുള്ള ബന്ധത്തെ തുടർന്നാണ് ശിവരാജ് മൊട്ടേഗാവ്കർ സിബിഐയുടെ അന്വേഷണ പരിധിയിലായത്. കുൽക്കർണി മുമ്പ് ആർസിസിയിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള പ്രൊഫഷണൽ ബന്ധങ്ങളും ചോദ്യപേപ്പർ ചോർച്ചയിൽ ഇവർക്ക് പങ്കുണ്ടോ എന്നതുമാണ് സിബിഐ സംഘം പരിശോധിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയായിരുന്നു.
സാധാരണക്കാരനിൽ നിന്ന് കോച്ചിങ് സാമ്രാജ്യത്വത്തിലേക്ക്
മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്നാണ് ശിവരാജ് മൊട്ടേഗാവ്കറുടെ വളർച്ച. ലാത്തൂരിലെ തെരുവുകളിലൂടെ സൈക്കിളിൽ സഞ്ചരിച്ച് വീടുകളിൽ ട്യൂഷൻ എടുത്തുകൊണ്ടായിരുന്നു അദ്ദേഹം അധ്യാപന ജീവിതം ആരംഭിച്ചത്. തുടർന്ന്, 1990-കളുടെ അവസാനത്തിൽ ഒരു ചെറിയ വാടകമുറിയിൽ പത്തോളം വിദ്യാർഥികളുമായി അദ്ദേഹം കോച്ചിങ് ക്ലാസ് തുടങ്ങി. കെമിസ്ട്രിയിൽ എം.എസ്‌സി ഗോൾഡ് മെഡലിസ്റ്റായ മൊട്ടേഗാവ്കർ സ്വയം തയാറാക്കിയ കുറിപ്പുകളിലൂടെയും ലളിതമായ അധ്യാപന ശൈലിയിലൂടെയുമാണ് വിദ്യാർഥികളുടെ പ്രിയങ്കരനായി മാറിയത്.
മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം ഉറപ്പാക്കുന്ന മഹാരാഷ്ട്രയിലെ പ്രശസ്തമായ 'ലാത്തൂർ പാറ്റേണിനൊപ്പം' കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് ആർസിസിയും വളർന്നു പന്തലിച്ചു. ഗ്രാമീണ, അർധനഗര പശ്ചാത്തലത്തിലുള്ള വിദ്യാർഥികൾക്ക് കെമിസ്ട്രി പഠനം എളുപ്പമാക്കിയതാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെന്ന് മുൻ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രതിവർഷം 40,000 വിദ്യാർഥികൾ; വൻ സോഷ്യൽ മീഡിയ സ്വാധീനം
ഇന്ന് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കോച്ചിങ് ബ്രാൻഡുകളിൽ ഒന്നാണ് ആർസിസി. ലാത്തൂർ, പൂനെ, നാസിക്, ഛത്രപതി സംഭാജിനഗർ, നന്ദേഡ്, സോലാപൂർ, കോലാപൂർ തുടങ്ങി സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ഇന്ന് ഈ ഇൻസ്റ്റിറ്റ്യൂട്ടിന് ശാഖകളുണ്ട്. പ്രതിവർഷം നാൽപ്പതിനായിരത്തോളം വിദ്യാർഥികളാണ് ഇവിടെ നീറ്റ്, ജെഇഇ, സിഇറ്റി പരീക്ഷകൾക്കായി പരിശീലനം നേടുന്നത്.
സോഷ്യൽ മീഡിയയിലും വലിയ സ്വാധീനമാണ് ഈ സ്ഥാപനത്തിനുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 66,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഇതിനുപുറമെ യുട്യൂബ്, വാട്‌സ്ആപ്പ്, സ്വന്തം മൊബൈൽ ആപ്പ് എന്നിവയിലൂടെ ഡിജിറ്റൽ പഠന സാമഗ്രികളും ടെസ്റ്റ് സീരീസുകളും ഇവർ വിദ്യാർഥികളിലേക്ക് എത്തിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് താങ്ങാനാവുന്ന ഫീസിൽ മികച്ച വിദ്യാഭ്യാസം നൽകുന്ന ദീർഘവീക്ഷണമുള്ള അധ്യാപകനായി വിലയിരുത്തപ്പെട്ടിരുന്ന മൊട്ടേഗാവ്കർ, നീറ്റ് പരീക്ഷാ വിവാദത്തിൽ അറസ്റ്റിലായത് മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.
Adjust Story Font
16
