യുപി നിയമസഭാ തെരഞ്ഞെടുപ്പ്: ശ്രദ്ധാകേന്ദ്രമായി അയോധ്യ മണ്ഡലം; പരസ്പരം വെല്ലുവിളിച്ച് യോഗിയും അഖിലേഷും
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫൈസാബാദ് മണ്ഡലത്തിൽ ബിജെപി പരാജയപ്പെട്ടതിന് പിന്നാലെ അയോധ്യ വീണ്ടും യുപി രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്

- Updated:
2026-10-11 15:42:50

ലഖ്നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അയോധ്യ മണ്ഡലത്തിൽ നേർക്കുനേർ മത്സരിക്കാൻ സമാജ്‌വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആത്മവിശ്വാസമുണ്ടെങ്കിൽ മുഖ്യമന്ത്രി അയോധ്യയിൽ മത്സരിക്കണമെന്ന് അഖിലേഷ് യാദവ് വെല്ലുവിളിച്ചതിന് പിന്നാലെയാണ് യോഗിയുടെ മറുപടി. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫൈസാബാദ് മണ്ഡലത്തിൽ ബിജെപി പരാജയപ്പെട്ടതിന് പിന്നാലെ അയോധ്യ വീണ്ടും യുപി രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.
''വരൂ, നമുക്ക് ഭാഗ്യം പരീക്ഷിച്ചുനോക്കാം. ഇക്കാര്യത്തിൽ ഒരു തീരുമാനമാകട്ടെ. താങ്കളും വരൂ, ഞാനും വരാം'' എന്നാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. മറ്റുള്ളവരെ മുന്നിൽ നിർത്തിയല്ല, നേർക്കുനേർ തന്നെയാണ് പോരാടേണ്ടതെന്നും യോഗി പറഞ്ഞു. അതേസമയം, അയോധ്യ തനിക്ക് വിശ്വാസത്തിന്റെ കേന്ദ്രമാണെന്നും അവിടുത്തെ സമഗ്ര വികസനം ഉറപ്പാക്കാനാണ് സന്ദർശനം നടത്തുന്നതെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഗൊരഖ്പൂർ അർബൻ മണ്ഡലത്തിലെ എംഎൽഎയാണ് യോഗി. 2022-ൽ കർഹലിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ച അഖിലേഷ് യാദവ്, 2024-ൽ കനൗജിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവെച്ചിരുന്നു.
അയോധ്യയിൽ നടന്ന ഭാഗവത സപ്താഹ ചടങ്ങിൽ പങ്കെടുക്കവെയാണ് അഖിലേഷ് യാദവ് യോഗിക്ക് നേരെ ആദ്യം വെല്ലുവിളി ഉയർത്തിയത്. ഈ പരിപാടി സംഘടിപ്പിച്ച മുൻ എംഎൽഎ പവൻ പാണ്ഡെയെ ലക്ഷ്യമിട്ടാണ് 'പിന്നിൽ നിൽക്കുന്നവരെ മുന്നിൽ നിർത്താതെ നേർക്കുനേർ വരണം' എന്ന് യോഗി തിരിച്ചടിച്ചതെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 2027 നിയമസഭാ തെരഞ്ഞെടുപ്പിൽ അയോധ്യയിലെ എസ്പി സ്ഥാനാർഥിയായി അഖിലേഷ് ഇതിനകം പ്രഖ്യാപിച്ച നേതാവാണ് പവൻ പാണ്ഡെ. ശ്രീറാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി ഇടപാടുകളിൽ അഴിമതി ആരോപിച്ച് രംഗത്തെത്തിയ ബ്രാഹ്മണ നേതാവ് കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ കോട്ടയായിരുന്ന അയോധ്യ നിയമസഭാ മണ്ഡലം ഉൾപ്പെടുന്നത് ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലാണ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര പ്രതിഷ്ഠയും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളും ഉയർത്തിക്കാട്ടിയിട്ടും ബിജെപിയുടെ ലല്ലു സിങ്ങിനെ പരാജയപ്പെടുത്തി എസ്പിയുടെ ദലിത് നേതാവ് അവധേഷ് പ്രസാദ് ഇവിടെ അട്ടിമറി വിജയം നേടിയിരുന്നു. അന്ന് ഫൈസാബാദിലെ മറ്റ് നാല് നിയമസഭാ സെഗ്മെന്റുകളിലും എസ്പി മുന്നിലെത്തിയപ്പോൾ, അയോധ്യ മണ്ഡലത്തിൽ ബിജെപിയുടെ ലീഡ് വെറും 4,667 വോട്ടുകളിലേക്ക് ചുരുങ്ങിയിരുന്നു.
മണ്ഡലത്തിലെ ജാതി സമവാക്യങ്ങളും റോഡ്, ഡ്രെയിനേജ് ഉൾപ്പെടെയുള്ള നഗരപ്രശ്‌നങ്ങളും ഭരണവിരുദ്ധ വികാരവും വരാനിരിക്കുന്ന പോരാട്ടത്തിൽ നിർണായകമാകും. വലിയൊരു വിഭാഗം ദലിത് വോട്ടർമാർക്കൊപ്പം ബ്രാഹ്മണരും മുസ്ലിം, യാദവ വിഭാഗങ്ങളും ചേരുന്നതാണ് അയോധ്യയിലെ വോട്ടുബാങ്ക്. എസ്പി പ്രദേശവാസിയായ ബ്രാഹ്മണ സ്ഥാനാർഥിയെ നിർത്തിയതും ബിജെപിക്ക് വെല്ലുവിളിയാണെന്ന് പാർട്ടി നേതാക്കൾ തന്നെ വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പ് നീതിപൂർവകമായി നടന്നാൽ അയോധ്യയിൽ എസ്പി വിജയിക്കുമെന്ന് പവൻ പാണ്ഡെ പ്രതികരിച്ചു. ബിജെപി നേതാക്കളുടെ വിഐപി സംസ്‌കാരത്തിലും അഴിമതിയിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും ജനങ്ങൾ അസംതൃപ്തരാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, അയോധ്യയിൽ അഖിലേഷിന് ജയിക്കാൻ കഴിയില്ലെന്ന് ബോധ്യമുണ്ടെന്നും, ഒന്നുകിൽ മത്സരിക്കാൻ തയാറാണെന്ന് പ്രഖ്യാപിക്കണമെന്നും അല്ലെങ്കിൽ മാപ്പ് പറയണമെന്നും ബിജെപി വക്താവ് രാകേഷ് ത്രിപാഠി ആവശ്യപ്പെട്ടു.
Adjust Story Font
16
