Quantcast

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സഹായം തട്ടിയെടുക്കാൻ ഭർത്താവിനെ കൊന്നു; യുവതി അറസ്റ്റിൽ

ഹുൻസൂർ താലൂക്കിൽ ചിക്കഹെജ്ജുരു ഗ്രാമത്തിലെ സല്ലാപുരി ആണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    11 Sept 2025 10:24 PM IST

Wife Killed husband for compensation
X

ബംഗളൂരു : വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവർക്ക് സർക്കാർ നൽകുന്ന 15 ലക്ഷം രൂപ നഷ്ടപരിഹാരം തട്ടിയെടുക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഹുൻസൂർ താലൂക്കിൽ ചിക്കഹെജ്ജുരു ഗ്രാമത്തിലെ സല്ലാപുരി (40) ആണ് അറസ്റ്റിലായത്. വീടിനടുത്തുള്ള ചാണകക്കുഴിയിൽ കുഴിച്ചിട്ട നിലയിൽ ഭർത്താവ് വെങ്കടസ്വാമി (45) യുടെ മൃതദേഹം കണ്ടെടുത്തു. ഭർത്താവിനെ കടുവ വലിച്ചിഴച്ചുകൊണ്ടുപോയി എന്ന കഥ യുവതി കെട്ടിച്ചമച്ചിരുന്നു.

മൈസൂരു- കുടക് ജില്ല അതിർത്തിയിലെ വീരനഹോസഹള്ളിക്കടുത്തുള്ള ചിക്കഹെജ്ജുരുവിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്, വിദ്യാഭ്യാസത്തിനായി കുട്ടികൾ ബിഡദിയിൽ ബന്ധുക്കളോടൊപ്പം താമസിച്ചുവരികയാണ്. ബിഡദി സ്വദേശിയായ വെങ്കടസ്വാമിയും മലവള്ളി താലൂക്കിലെ ഹലഗുരു ഹോബ്ലിയിലെ കടംപുരയിൽ നിന്നുള്ള സല്ലാപുരിയും മുമ്പ് ബിഡദിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് അവർ ചിക്കഹെജ്ജുരുവിൽ ജോലിയിൽ പ്രവേശിച്ചു, അവിടെ ബംഗളൂരുവിൽ നിന്നുള്ള രവികുമാർ, അരുൺകുമാർ എന്നീ എഞ്ചിനീയർമാരുടെ ഉടമസ്ഥതയിലുള്ള 4.10 ഏക്കർ കവുങ്ങ് തോട്ടം പരിപാലിക്കേണ്ട ചുമതല അവർക്ക് ലഭിച്ചു.

ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് സല്ലാപുരി വ്യാജ കഥ മെനഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പതിവായി താലൂക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഓഫീസുകൾ സന്ദർശിച്ച സല്ലാപുരി വില്ലേജ് അക്കൗണ്ടന്റുമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ വാഗ്ദാനം ചെയ്യുന്ന വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് അന്വേഷിച്ചിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ - പ്രത്യേകിച്ച് കടുവകളോ ആനകളോ പോലുള്ളവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങൾക്ക് സർക്കാർ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് അവർ മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ഭക്ഷണത്തിൽ വിഷം കലർത്തി വെങ്കടസ്വാമിയെ കൊലപ്പെടുത്തിയ ശേഷം ചാണകക്കുഴിയിൽ കുഴിച്ചിടുകയായിരുന്നു. ശേഷം ഭർ്ത്താവിനെ കടുവ കടിച്ചുകൊണ്ടുപോയി എന്ന് പൊലീസിനെ അറിയിച്ചു. പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കടുവ എത്തിയതിന്റെ അടയാളമൊന്നും കണ്ടെത്താനായില്ല. വിശദമായ അന്വേഷണത്തിൽ ചാണകക്കുഴിയിലേക്ക് എന്തോ വലിച്ചുകൊണ്ടുപോയ അടയാളം കണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ സല്ലാപുരി കുറ്റം സമ്മതിച്ചു.

TAGS :

Next Story