Quantcast

സ്ത്രീധന പീഡനം, ലഹരി ഉപയോഗം, അവിഹിത ബന്ധം; കർണാടക ഗവർണറുടെ ചെറുമകനെതിരെ ആരോപണങ്ങളുമായി ഭാര്യ

ഭർത്താവ് ദേവേന്ദ്ര ഗെഹ്‌ലോട്ട് , അലോട്ട് മുൻ എംഎൽഎ ആയ ഭർതൃപിതാവ് ജിതേന്ദ്ര ഗെഹ്‌ലോട്ട് , സഹോദരീഭർത്താവ് വിശാൽ ഗെഹ്‌ലോട്ട് എന്നിവർക്കെതിരെയാണ് പരാതി

MediaOne Logo

Web Desk

  • Published:

    4 Dec 2025 9:40 AM IST

സ്ത്രീധന പീഡനം, ലഹരി ഉപയോഗം, അവിഹിത ബന്ധം; കർണാടക ഗവർണറുടെ ചെറുമകനെതിരെ ആരോപണങ്ങളുമായി ഭാര്യ
X

ഭോപ്പാൽ: കർണാടക ഗവർണർ താവർചന്ദ് ഗെഹ്്‌ലോട്ടിന്റെ ചെറുമകൻ ദേവേന്ദ്ര ഗെഹ്‌ലോട്ടിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ. സ്ത്രീധന പീഡനം, കൊലപാതക ശ്രമം, ഗാർഹിക പീഡനം, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ആരോപണങ്ങളാണ് ദിവ്യ ഗെഹ്‌ലോട്ട് ഉന്നയിച്ചത്. ഭർതൃവീട്ടുകാർ ബലമായി പിടിച്ചുവെച്ചിരിക്കുന്ന നാല് വയസുകാരിയായ മകളെ സുരക്ഷിതമായി തിരികെ നൽകണമെന്നും ദിവ്യ പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

ഭർത്താവ് ദേവേന്ദ്ര ഗെഹ്‌ലോട്ട് (33), അലോട്ട് മുൻ എംഎൽഎ ആയ ഭർതൃപിതാവ് ജിതേന്ദ്ര ഗെഹ്‌ലോട്ട് (55), സഹോദരീഭർത്താവ് വിശാൽ ഗെഹ്‌ലോട്ട് (25) എന്നിവർക്കെതിരെയാണ് പരാതി. 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് വർഷങ്ങളായി ഉപദ്രവിക്കുകയാണെന്നും മദ്യപാനം, ലഹരി ഉപയോഗം, അവിഹിത ബന്ധങ്ങൾ തുടങ്ങിയവ വിവാഹത്തിന് ശേഷം ഭർതൃവീട്ടിലെത്തിയ ശേഷമാണ് അറിഞ്ഞതെന്നും ദിവ്യ ആരോപിച്ചു.

2021ൽ ഗർഭിണിയായിരുന്നപ്പോൾ പീഡനം രൂക്ഷമായി. തന്നെ ക്രൂരമായി മർദിക്കുകയും ഭക്ഷണം നിഷേധിക്കുകയും ചെയ്തു. പണം കൊണ്ടുവന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ദേവേന്ദ്ര തന്നെ ഒരു ദിവസം തള്ളിയിട്ടു. നട്ടെല്ലിനും അരയ്ക്കും തോളിനും ഗുരുതരമായി പരിക്കേറ്റെങ്കിലും ഒരു രാത്രി മുഴുവൻ വൈദ്യസഹായം ലഭിക്കാതെ കഴിയേണ്ടിവന്നെന്നും ദിവ്യയുടെ പരാതിയിൽ പറയുന്നു.

തന്റെ വീട്ടിൽ നിന്ന് പണം വാങ്ങി കൊണ്ടുവന്നില്ലെങ്കിൽ മകളെ കാണാൻ കഴിയില്ലെന്നാണ് ദേവേന്ദ്ര ഇപ്പോൾ ഭീഷണിപ്പെടുത്തുന്നതെന്നും ദിവ്യ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ വ്യാജമാണെന്നും എല്ലാ വസ്തുതകളും മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും ദേവേന്ദ്ര ഗെഹ്‌ലോട്ട് പറഞ്ഞു.

TAGS :

Next Story