ജഗൻ മോഹൻ റെഡ്ഡി കോൺഗ്രസിലേക്ക് മടങ്ങുമോ? ഡി.കെ ശിവകുമാറിന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യം ഹൈക്കമാൻഡ് ഏൽപ്പിച്ചതായാണ് വിവരം

- Published:
18 Jun 2026 8:46 AM IST

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആര്‍പി) കോൺഗ്രസുമായി ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വൈഎസ്ആര്‍പി തലവനും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയും കോൺഗ്രസ് നേതൃത്വവും തമ്മില്‍ അനൗദ്യോഗിക ചർച്ചകള്‍ സജീവമായി നടക്കുകയാണെന്ന് 'ദി സ്റ്റേറ്റ്സ്മാൻ' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ലയനവുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ദക്ഷിണേന്ത്യയിലെ കോൺഗ്രസിന്റെ ട്രബിൾഷൂട്ടറായ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് ജഗനെ കോൺഗ്രസിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കങ്ങൾക്ക് പിന്നിലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. വൈ.എസ്.ആർ കുടുംബവുമായി അടുത്ത രാഷ്ട്രീയ-വ്യക്തിബന്ധമുള്ള ശിവകുമാറിനെ, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യം ഹൈക്കമാൻഡ് ഏൽപ്പിച്ചതായാണ് വിവരം.
ആന്ധ്രാപ്രദേശിന്റെ വിഭജനത്തിന് ശേഷം കോൺഗ്രസിന്റെ വോട്ട് ബാങ്ക് വലിയ തോതിൽ വൈഎസ്ആർ കോൺഗ്രസിലേക്ക് മാറിയിരുന്നു. ജഗൻ തിരിച്ചെത്തുന്നതോടെ ആന്ധ്രയിൽ പാർട്ടിക്ക് പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. അതിനിടെ, വൈഎസ്ആർസിപി - കോൺഗ്രസ് ലയനം ഉടൻ ഉണ്ടാകുമെന്ന അവകാശവാദവുമായി ബിജെപി നേതാവും അനപർത്തി എംഎൽഎയുമായ നല്ലമില്ലി രാമകൃഷ്ണ റെഡ്ഡി രംഗത്തെത്തി. 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ജഗന്റെ പാർട്ടിയെ പൂർണ്ണമായി തള്ളിക്കളഞ്ഞതാണെന്നും, 2029ലും ഇതേ ഫലം തന്നെ ആവർത്തിക്കുമെന്നും ലയനമല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്നും അദ്ദേഹം പരിഹസിച്ചു.
2011ൽ പിതാവും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ് രാജശേഖര റെഡ്ഡിയുടെ മരണശേഷമാണ് കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് ജഗൻ വൈഎസ്ആർസിപി രൂപീകരിക്കുന്നത്. മമതാ ബാനർജിയും ശരദ് പവാറും ചെയ്തതുപോലെ കോൺഗ്രസ് വിട്ട് സ്വന്തം പാത വെട്ടിത്തുറന്ന ജഗൻ, ചുരുങ്ങിയ കാലം കൊണ്ട് ആന്ധ്രയിലെ വലിയ ശക്തിയായി മാറി. 2019ൽ 175-ൽ 151 സീറ്റുകൾ നേടി ജഗൻ മുഖ്യമന്ത്രിയായെങ്കിലും പിന്നീട് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ തിരിച്ചടിയായി. തുടർന്ന് 2024-ൽ നടന്ന തെരഞ്ഞെടുപ്പിൽ ടിഡിപി-ജനസേന-ബിജെപി സഖ്യത്തിന്റെ വൻ മുന്നേറ്റത്തിൽ വൈ.എസ്.ആർ.സി.പി വെറും 11 സീറ്റുകളിലേക്ക് ഒതുങ്ങി.
ഇതിനിടെ ജഗന്റെ സഹോദരി വൈ.എസ് ശർമ്മിള പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് വൈഎസ്.ആർ തെലങ്കാന പാർട്ടി രൂപീകരിക്കുകയും, 2024ൽ അത് കോൺഗ്രസിൽ ലയിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷയാണ് ശർമ്മിള. ജഗന്റെ കോൺഗ്രസ് പ്രവേശനത്തിന് പ്രധാന തടസ്സമായി സഹോദരി മാറിയേക്കാമെന്നും വിലയിരുത്തലുകളുണ്ട്. ശർമ്മിള സംസ്ഥാന കോൺഗ്രസിന്റെ തലപ്പത്തിരിക്കെ ജഗനെ എങ്ങനെ പാർട്ടിയിൽ ഉൾക്കൊള്ളുമെന്നത് ഹൈക്കമാൻഡിന് മുന്നിലെ വലിയ ചോദ്യമാണ്. എന്നിരുന്നാലും, ശർമ്മിളയുടെ നേതൃത്വത്തിൽ 2024-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനാകാത്തതിലും, പാർട്ടിക്ക് വലിയ സംഘടനാ വളർച്ച ഉണ്ടാക്കാൻ കഴിയാത്തതിലും കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
ടിഎംസി-ഉദ്ധവ്താക്കറെ പാര്‍ട്ടിയിലെ ഒരുവിഭാഗത്തെ ബിജെപി ചാക്കിലാക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് ദക്ഷിണേന്ത്യയിലെ ഒരു പ്രധാന പ്രാദേശിക കക്ഷിയെ കോണ്‍ഗ്രസിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്.
Adjust Story Font
16
