Quantcast

ജാര്‍ഖണ്ഡില്‍ 'ഓപറേഷന്‍ താമര' നീക്കവുമായി ബി.ജെ.പി

സാഹചര്യം വിലയിരുത്താൻ കോൺഗ്രസ് മന്ത്രിമാർ ഇന്ന് യോഗം ചേരും

MediaOne Logo

Web Desk

  • Published:

    15 July 2022 6:22 AM GMT

ജാര്‍ഖണ്ഡില്‍ ഓപറേഷന്‍ താമര നീക്കവുമായി ബി.ജെ.പി
X

റാഞ്ചി: ജാർഖണ്ഡിൽ ഓപറേഷൻ താമരക്കൊരുങ്ങി ബി.ജെ.പി. ജെ.എം.എം - ബി.ജെ.പി സർക്കാർ ഉണ്ടാക്കാനാണ് ശ്രമം. ദ്രൗപദി മുർമുവിന് ജെ.എം.എം പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് - ജെ.എം.എം ബന്ധം വഷളായിരുന്നു. സാഹചര്യം വിലയിരുത്താൻ കോൺഗ്രസ് മന്ത്രിമാർ ഇന്ന് യോഗം ചേരും.

നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് - ജെ.എം.എം സഖ്യത്തില്‍ വിള്ളലുണ്ടായിരുന്നു. ജാര്‍ഖണ്ഡില്‍ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ സീറ്റില്‍ ജെ.എം.എം തന്നെ മത്സരിച്ചു. അതിനിടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ നല്‍കാതെ ജെ.എം.എം എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കി. ഈ സാഹചര്യം മുതലെടുക്കാനാണ് ബി.ജെ.പി നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ദിയോഗറിലെ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നടത്തിയ പ്രസംഗവും ജെ.എം.എം ബി.ജെ.പിയുമായി അടുക്കുന്നുവെന്ന ഊഹാപോഹത്തിന് കാരണമായി- "കേന്ദ്ര സർക്കാരിൽ നിന്ന് ഞങ്ങൾക്ക് പിന്തുണ ലഭിച്ചാൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജാർഖണ്ഡ് ഏറെ മുന്നോട്ടുപോകും. ജാർഖണ്ഡിന് ഇന്ന് ചരിത്ര ദിനമാണ്. കേന്ദ്ര സർക്കാരും സംസ്ഥാനവും തമ്മിൽ സഹകരണമുണ്ടെങ്കിൽ ദ്രുതഗതിയിലുള്ള വികസനം സാധ്യമാണ്". എന്നാല്‍ പ്രോട്ടോക്കോൾ അനുസരിച്ചാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുത്തതെന്ന് ജാർഖണ്ഡ് മുക്തി മോർച്ച നേതാക്കൾ പ്രതികരിച്ചു.

നിലവിലെ 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ജെ.എം.എമ്മിന് 30 സീറ്റും കോൺഗ്രസിന് 16 സീറ്റും ബി.ജെ.പിക്ക് 25 സീറ്റുമാണുള്ളത്. ബാക്കി സീറ്റുകളില്‍ ചെറിയ പാര്‍ട്ടികളും സ്വതന്ത്രരുമാണ് വിജയിച്ചത്.

TAGS :

Next Story