വധശിക്ഷക്ക് വിധിച്ച ശൈഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുമോ; നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ
കഴിഞ്ഞ വർഷം വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ നടത്തിയ ആക്രമണ കുറ്റത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ കമാലിനെയും ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ. 2024ൽ ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷ നേരിടുന്ന ശൈഖ് ഹസീനയെ ഉടനെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം. നിലവിൽ ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. 'ബംഗ്ലാദേശിലെ ജനങ്ങളുടെ മികച്ച താൽപ്പര്യങ്ങൾക്കായി പ്രതിജ്ഞാബദ്ധമാണ്' എന്നാണ് ഇന്ത്യയുടെ പ്രതികരണം.
കഴിഞ്ഞ വർഷം വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ നടത്തിയ ആക്രമണ കുറ്റത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ കമാലിനെയും ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. ഹസീനക്ക് പുറമെ അസദുസമാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യക്ക് ഇരുവരെയും കൈമാറാൻ ബാധ്യതയുണ്ടെന്നും ബംഗ്ലാദേശ് പറഞ്ഞു.
ബംഗ്ലാദേശിനോടുള്ള പ്രതികരണമായി ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെ:
'മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി ബന്ധപ്പെട്ട് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് പ്രഖ്യാപിച്ച വിധി ഇന്ത്യയുടെ ശ്രദ്ധയിൽ പെട്ടു. അടുത്ത അയൽരാജ്യം എന്ന നിലയിൽ ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവ ഉൾപ്പെടുന്ന ലക്ഷ്യത്തിനായി എല്ലാ പങ്കാളികളുമായി എപ്പോഴും ക്രിയാത്മകമായി ഇടപെടും.'
ജസ്റ്റിസ് മുഹമ്മദ് ഗുലാം മുർതസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഐസിടി സമിതിയാണ് ഹസീനക്കെതിരെ ശിക്ഷ വിധിച്ചത്. പ്രതിഷേധക്കാരെ കൊല്ലുന്നതിനായി അതിക്രമങ്ങൾ നടത്താൻ മൂന്ന് പേരും ഗൂഢാലോചന നടത്തിയെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ട്രൈബ്യൂണലിലും രാജ്യത്തെ ജനങ്ങളോടും മാപ്പ് ചോദിച്ച മുൻ പോലീസ് മേധാവിക്ക് കോടതി മാപ്പ് നൽകി.
Adjust Story Font
16

