വെനസ്വേലയിലേത് പോലെ ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെയും തട്ടിക്കൊണ്ടുപോകുമോ?: കോൺഗ്രസ് നേതാവ്
'ഇപ്പോൾ ഉയർന്ന താരിഫ് ഏർപ്പെടുത്തിയ ട്രംപിന്റെ അടുത്ത നടപടിയെന്തായിരിക്കും?'- ചവാൻ ചോദിച്ചു.

- Published:
6 Jan 2026 5:07 PM IST

മുംബൈ: വെനസ്വേലയിൽ യുഎസ് സൈന്യം നടത്തിയ ആക്രമണം പോലെ എന്തെങ്കിലും ഇന്ത്യയിലും സംഭവിക്കുമോയെന്ന ചോദ്യവുമായി മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ്. ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയെയും തട്ടിക്കൊണ്ടുപോകുമോ എന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചവാൻ ചോദിച്ചു.
ഇന്ത്യക്കു മേലുള്ള അമേരിക്കയുടെ ഉയർന്ന തീരുവയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ ചവാന്റെ പരാമർശം.'യുഎസ് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയാൽ വ്യാപാരം സാധ്യമല്ല. ഫലത്തിൽ, ഇത് ഇന്ത്യ- യുഎസ് വ്യാപാരത്തെ തടയുന്നതിന് തുല്യമാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് തടസമാകും. നേരിട്ടുള്ള നിരോധനം ഏർപ്പെടുത്താൻ കഴിയാത്തതിനാൽ വ്യാപാരം നിർത്താനുള്ള ഉപകരണമായി താരിഫിനെ ഉപയോഗിക്കുകയാണ് ട്രംപ്. ഇത് ഇന്ത്യ സഹിക്കേണ്ടിവരും- ചവാൻ പറഞ്ഞു.
'യുഎസിലേക്കുള്ള കയറ്റുമതിയിൽ നിന്ന് ഇന്ത്യക്കാർ മുമ്പ് നേടിയിരുന്ന ലാഭം ഇനി ലഭ്യമാകില്ല. നമുക്ക് ബദൽ വിപണികൾ തേടേണ്ടിവരും. ആ ദിശയിലുള്ള ശ്രമങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഉയർന്ന താരിഫ് ഏർപ്പെടുത്തിയ ട്രംപിന്റെ അടുത്ത നടപടിയെന്തായിരിക്കും? വെനസ്വേലയോട് ചെയ്തതുപോലെ ഇന്ത്യയോടും ചെയ്താലോ?'- ചവാൻ ചോദിച്ചു.
വെനസ്വേലയ്ക്കെതിരായ അമേരിക്കൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോദിയോട് ചോദ്യവുമായി എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി എംപിയും നേരത്തെെ രംഗത്തെത്തിയിരുന്നു. ട്രംപിന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പിടികൂടാൻ കഴിയുമെങ്കിൽ 26/11 ഭീകരാക്രമണ സൂത്രധാരന്മാരെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്നായിരുന്നു ഉവൈസിയുടെ ചോദ്യം.
'യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈന്യം വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പിടികൂടി അദ്ദേഹത്തിന്റെ രാജ്യത്ത് നിന്ന് അമേരിക്കയിലേക്ക് കൊണ്ടുപോയത് നമ്മൾ കണ്ടു. ട്രംപിന് തന്റെ സൈന്യത്തെ അയച്ച് വെനസ്വേലൻ പ്രസിഡന്റിനെ സ്വന്തം രാജ്യത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ കഴിയുമെങ്കിൽ, സൗദിക്ക് യെമൻ തുറമുഖങ്ങളിൽ ബോംബ് വയ്ക്കാൻ കഴിയുമെങ്കിൽ പാകിസ്താനിലേക്ക് സൈന്യത്തെ അയച്ച് 26/11 ഭീകരാക്രമണ സൂത്രധാരന്മാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ മോദിജീ നിങ്ങൾക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?'- ഉവൈസി ചോദിച്ചു.
Adjust Story Font
16
