Quantcast

പിഎഫ് യുപിഐ വഴി പിന്‍വലിക്കാം; ഏപ്രിൽ മുതൽ സൗകര്യം ലഭ്യമാകും

പുതിയ സംവിധാനം വഴി അംഗങ്ങൾക്ക് പിഎഫ് തുക നിമിഷങ്ങൾക്കകം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കും

MediaOne Logo

Web Desk

  • Published:

    10 Feb 2026 8:49 AM IST

പിഎഫ് യുപിഐ വഴി പിന്‍വലിക്കാം; ഏപ്രിൽ മുതൽ സൗകര്യം ലഭ്യമാകും
X

ഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഫ്ഒ) ദശലക്ഷക്കണക്കിന് വരുന്ന അക്കൗണ്ട് ഉടമകൾക്ക് ഒരു സന്തോഷ വാര്‍ത്ത. യുപിഐ വഴി ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാനുള്ള സൗകര്യമൊരുങ്ങുകയാണ്. ഇതിനായി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കും. ഈ വര്‍ഷം ഏപ്രിൽ മുതൽ ഇത്തരത്തിൽ പണം പിൻവലിക്കാനാകും. പുതിയ സംവിധാനം വഴി അംഗങ്ങൾക്ക് പിഎഫ് തുക നിമിഷങ്ങൾക്കകം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കും.

ഇപിഎഫ്ഒ പരിഷ്കാരങ്ങളുടെ മൂന്നാം ഘട്ടമായ 'ഇപിഎഫ്ഒ 3.0' യോടെ ഈ സേവനം പൂർണമായും സജീവമാകും. ഈ പുതിയ മൊബൈൽ ആപ്പും യുപിഐ സംവിധാനവും പരീക്ഷണടിസ്ഥാനത്തിൽ പ്രവര്‍ത്തനം ആരംഭിച്ചതായി തൊഴിൽ മന്ത്രാലയത്തിലെ വൃത്തങ്ങൾ പറയുന്നു. ഏപ്രിലിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാങ്കേതിക തകരാറുകൾ ഉണ്ടാകാതിരിക്കാൻ 100-ലധികം ഡമ്മി അക്കൗണ്ടുകളിലൂടെ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചുവരികയാണ്.

യുപിഐ സംവിധാനം നിലവിൽ വന്നാലും മുഴുവൻ തുക പിൻവലിക്കാനാകില്ല. പുതിയ ലേബർ കോഡ് നിയമങ്ങൾ പ്രകാരം, ഇപിഎഫ് അക്കൗണ്ടിലെ മൊത്തം തുകയുടെ കുറഞ്ഞത് 25 ശതമാനമെങ്കിലും പിന്‍വലിക്കാന്‍ കഴിയാത്ത വിധം ലോക്ക് ചെയ്യപ്പെടും. അക്കൗണ്ട് ഉടമകൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ബാക്കി തുകയിൽ നിന്ന് മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. പുതിയ മൊബൈൽ ആപ്പിലൂടെ ഉപയോക്താക്കൾക്ക് അവരുടെ പാസ്ബുക്ക് ബാലൻസ് കാണാനും മറ്റ് ആവശ്യമായ സേവനങ്ങൾ നേടാനും സാധിക്കും.

പുതിയ മൊബൈൽ ആപ്പ് ആരംഭിച്ചതിനുശേഷവും, നിലവിൽ പ്രവർത്തിക്കുന്ന UAN നമ്പറിന്റെയും UMANG പോർട്ടലിന്റെയും സേവനങ്ങൾ നിർത്തലാക്കില്ല. നിലവിൽ,പിഎഫ് പിൻവലിക്കൽ പ്രക്രിയയ്ക്ക് ഗണ്യമായ സമയമെടുക്കുന്നുണ്ട്. എന്നിരുന്നാലും ഓട്ടോ-സെറ്റിൽമെന്റ് മോഡിൽ, അപേക്ഷിച്ചതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ സെറ്റിൽമെന്‍റ് നടക്കുന്നു. അടുത്തിടെ, ഇപിഎഫ്ഒ ​​ഓട്ടോ-സെറ്റിൽമെന്‍റ് പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

TAGS :

Next Story