ഭാവി മരുമകനൊപ്പം ഒളിച്ചോടിയ 43 കാരി വീണ്ടും ഒളിച്ചോടിയെന്ന് പരാതി; ഇത്തവണ മുൻ ഭർത്താവിന്റെ സഹോദരീ ഭർത്താവിനൊപ്പം
രണ്ട് ലക്ഷം രൂപയും ആഭരണങ്ങളുമായാണ് അനിത ദേവി പോയതെന്ന് പരാതിയിൽ പറയുന്നു

അലിഗഢ്: മകളുടെ വിവാഹത്തിന് 12 ദിവസം മുമ്പ് ഭാവി മരുമകനൊപ്പം ഒളിച്ചോടിയ 43 കാരിയായ അനിത ദേവി വീണ്ടും ഒളിച്ചോടിയെന്ന് പരാതി. കഴിഞ്ഞ 10 മാസത്തോളമായി അനിതാ ദേവിയും രാഹുലും ബിഹാറിലെ സീതാമാർച്ചി ജില്ലയിലെ ഉസ്‌റൈന് ഗ്രാമത്തിലാണ് താമസിക്കുന്നത്. ഇതിനിടെ അനിത തന്റെ മുൻ ഭർത്താവായ ജിതേന്ദ്ര കുമാറിന്റെ സഹോദരീ ഭർത്താവുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ ഇരുവരും ഒളിച്ചോടിയെന്നുമാണ് രാഹുലിന്റെ പരാതിയിൽ പറയുന്നതെന്ന് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു.
രണ്ട് ലക്ഷം രൂപയും ആഭരണങ്ങളുമായാണ് അനിത പോയതെന്നാണ് രാഹുൽ ആരോപിക്കുന്നത്. അനിതക്കെതിരെ രാഹുൽ അലിഗഢ് പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവം നടന്നത് ബിഹാറിലായതിനാൽ അവിടെ പരാതി നൽകാനാണ് അലിഗഢ് പൊലീസ് നിർദേശിച്ചിരിക്കുന്നത്.
അനിത ദേവിയുടെ ഒളിച്ചോട്ടം നേരത്തെ തന്നെ വലിയ രീതിയിലുള്ള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അലിഗഢിലെ നഗ്ല മച്ചാരിയ ഗ്രാമവാസിയായ ജിതേന്ദ്ര കുമാർ തന്റെ മകൾ ശിവാനിയുടെ വിവാഹം രാഹുലുമായി നിശ്ചയിച്ചിരുന്നു. 2025 ഏപ്രിൽ 16-നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. ക്ഷണക്കത്തുകൾ വിതരണം ചെയ്തതടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. വിവാഹത്തിന് വെറും ഒമ്പത് ദിവസം ബാക്കിനിൽക്കെ ശിവാനിയുടെ അമ്മ അനിത ദേവി, മകളുടെ പ്രതിശ്രുതവരനായ രാഹുലിനൊപ്പം ഒളിച്ചോടുകയായിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് ഇവരെ കണ്ടെത്തി തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ അനിത രാഹുലിനൊപ്പം ജീവിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും അധികൃതർ അതിന് അനുമതി നൽകുകയും ചെയ്തു. ഇതിനിടയിൽ പലതവണ പ്രാദേശിക പഞ്ചായത്തുകൾ ചേർന്നെങ്കിലും ഇരുവരും പിരിയാൻ തയ്യാറായില്ല. അനിത രാഹുലിനെ ഉപേക്ഷിച്ച് തന്റെ മുൻ ഭർത്താവിന്റെ സഹോദരീ ഭർത്താവിനൊപ്പം പോയതോടെ കേസ് അപ്രതീക്ഷിതമായ മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്.
താൻ മാനസികമായി തകർന്നിരിക്കുകയാണെന്നും വഞ്ചിക്കപ്പെട്ടതായും രാഹുൽ പറഞ്ഞു. പരാതി പരിശോധിച്ചു വരികയാണെന്നും നിയമപരമായ നടപടികൾ തുടർന്ന് സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16

