Quantcast

മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

പരിക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന 20 വയസുകാരിയാണ് മരിച്ചത്

MediaOne Logo
മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു
X

മണിപ്പൂർ: മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരിക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന 20 വയസുകാരിയാണ് മരിച്ചത്. 2023 മെയിലുണ്ടായിരുന്ന സംഭവത്തെ തുടർന്ന് ശാരീരിക പരിക്കുകളിൽ നിന്നും മാനസിക ആഘാതങ്ങളിലും നിന്നും യുവതി കരകയറിയില്ലെന്ന് കുടുംബം പറഞ്ഞു. ശാരീരിക പരിക്കുകൾ കാരണം ശ്വസന പ്രശ്നങ്ങൾ ഉണ്ടായതായും യുവതിയുടെ അമ്മ ലിൻഗ്നെയ് ഹാവോകിപ് ന്യൂസ് ലോൺട്രിയോട് പറഞ്ഞു.

കുക്കി വിഭാഗത്തിൽപെട്ട യുവതിയെ മെയ്തെയ് വിഭാഗത്തിലുള്ളവരാണ് ക്രൂരപീഡനത്തിനിരയാക്കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തിൽ യുവതിക്ക് നീതി കിട്ടിയിരുന്നില്ല. കറുത്ത ഷർട്ടുകൾ ധരിച്ച നാല് ആയുധധാരികളായ പുരുഷന്മാർ ഒരു കുന്നിൻ പ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു. കലാപത്തിൽ ആക്രമണത്തിന് നേതൃത്വം കൊടുത്ത മെയ്തെയ് ഗ്രൂപ്പിലെ അരാംബായ് ടെങ്കോൾ അംഗങ്ങളാണ് കറുത്ത ഷർട്ടുകൾ ധരിച്ചിരുന്നത്.

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം ജൂലൈ 21ന് മാത്രമാണ് പൊലീസിൽ പരാതി നൽകാൻ കഴിഞ്ഞത്. 2023 ജൂലൈ 22ന് കേസ് സിബിഐക്ക് കൈമാറി. രണ്ട് വർഷത്തിലേറെയായിട്ടും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇംഫാലിലെ ന്യൂ ചെക്കൺ പ്രദേശത്തുള്ള സീകം സ്കൂളിലെ എടിഎം ബൂത്തിന് സമീപത്ത് നിന്നാണ് യുവതിയെ പർപ്പിൾ നിറത്തിലുള്ള മാരുതി സ്വിഫ്റ്റിൽ തട്ടിക്കൊണ്ടുപോയതെന്ന് എഫ്‌ഐആറിലും ദൃക്‌സാക്ഷികളും പറയുന്നു.

തുടർന്ന് വാങ്ഖൈ അയൻപാലി പ്രദേശത്തേക്ക് കൊണ്ടുപോയ യുവതിയെ മെയ്തെയ് വനിതാ സിവിൽ സൊസൈറ്റി ഗ്രൂപ്പിലെ അംഗങ്ങളും നിരവധി പുരുഷന്മാരും ചേർന്ന് ആക്രമിച്ചതായും ആരോപിക്കപ്പെടുന്നു. ബലാത്സംഗത്തിന് ശേഷം യുവതിയെ കൊല്ലണോ എന്ന് തർക്കിക്കുന്നതിനിടയിൽ യുവതി കുന്നിൻ മുകളിൽ നിന്ന് താഴേക്ക് വീണു. പച്ചക്കറികൾ കൊണ്ടുപോകുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

ഉടൻ തന്നെ ബിഷ്ണുപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസുകാരൻ മെയ്തെയിയാണെന്ന് തിരിച്ചറിഞ്ഞ യുവതി തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ റിക്ഷാ ഡ്രൈവറോട് അപേക്ഷിച്ചു. ഒടുവിൽ അവളെ കാങ്‌പോക്പിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി നാഗാലാൻഡിലെ കൊഹിമയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

TAGS :

Next Story